മലയാള സിനിമാ ഗാന രചനാ രംഗത്തെ ത്രിമൂർത്തികളായ പി ഭാസ്ക്കരൻ, വയലാർ, ഓ എൻ വി എന്നിവരോടൊപ്പം അതേ സാന്നിദ്ധ്യത്തിൽ നിറഞ്ഞു നിന്ന വ്യക്തിയാണ് ശ്രീകുമാരൻ തമ്പി. ആ ത്രിമൂർത്തികൾ മൂന്നുപേരും മൺമറഞ്ഞു. ശ്രീകുമാരൻ തമ്പി ആരോഗ്യവാനായി തന്റെ കർമ്മമേഖലകളിൽ ഇപ്പോഴും തുടരുന്നു. അദ്ദേഹത്തിന് എല്ലാ നന്മകളും നേരുന്നു.
ഗാനരചയിതാവ്, സംവിധായകൻ, നിർമ്മാതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിൽ സകല കലാ വല്ലഭനായി മുന്നേറി തന്റെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു. ശ്രീകുമാരൻ തമ്പി സിവിൽ എഞ്ചിനീയറായിരുന്നു. മൂവായിരത്തിലധികം ഗാനങ്ങളും 78 തിരക്കഥകളും അദ്ദേഹത്തിന്റേതായിട്ടുണ്ട്.
22 സിനിമകൾ നിർമ്മിക്കുകയും 30 സിനിമകൾക്ക് സംവിധാനം നിർവ്വഹിക്കുകയും ചെയ്തു. 1966-ൽ കാട്ടുമല്ലിക എന്ന ചിത്രത്തിലൂടെ രംഗപ്രവേശം. പി സുബ്രഹ്മണ്യമാണ് തമ്പിയെ മലയാള സിനിമയിൽ അവതരിപ്പിച്ചത്. ആ ചിത്രത്തിന് വേണ്ടി 11 ഗാനങ്ങൾ രചിച്ചു. ഈണം നല്കിയത് എം എസ് ബാബുരാജും.
ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം, ഹൃദയസരസിലെ പ്രണയ പുഷ്പമെ, സ്വന്തമെന്ന പദത്തിനെന്തർത്ഥം എന്നീ ഗാനങ്ങൾ ശ്രീകുമാരൻ തമ്പിയുടെ കവിഭാവനയെ വെളിവാക്കുന്നു. പല പാട്ടുകളും ഗൃഹാതരത്വമുണർത്തുന്നു. ചന്ദ്രകാന്തം, ഗാനം, മോഹിനിയാട്ടം, മാളിക പണിയുന്നവർ, ജീവിതം ഒരു ഗാനം, അമ്പല വിളിക്ക് തുടങ്ങിയവ കലാപരമായി വിജയിച്ച ചിത്രങ്ങളാണ്.
നായാട്ട്, സിംഹാസനം, ആക്രമണം, ഇടിമുഴക്കം തുടങ്ങിയ ബോക്സാഫീസ് ഹിറ്റ് ചിത്രങ്ങളും തമ്പി നിർമ്മിച്ചിട്ടുണ്ട്. വയലാർ ദേവരാജൻ എന്ന് പറയുന്ന പോലെ തമ്പി – എം കെ അർജ്ജനൻ ടീം മലയാള സിനിമയിൽ അലകൾ ഉണർത്തി. എഴുപതുകളിലും എൺപതുകളിലും അതോടെ അനേകം ജനപ്രിയ ഗാനങ്ങൾക്ക് വഴിയൊരുക്കി. അവരുടെ ആദ്യചിത്രം 1969ൽ പുറത്തിറങ്ങിയ റസ്റ്റ് ഹൗസ് ആയിരുന്നു.
ജയച്ചന്ദ്രനും എസ് ജാനകിയും ചേർന്ന് പാടിയ യമുനേ യദുകുല രതിദേവനെവിടെ, എൽ ആർ ഈശ്വരി പാടിയ മാനക്കേടായല്ലോ മാനക്കേടായല്ലോ, യേശുദാസും എസ് ജാനകിയും ചേർന്ന് പാടിയ മുത്തിനും മുത്തായ മണി മുത്ത് കിട്ടി, യേശുദാസ് പാടിയ പൗർണ്ണമി ചന്ദ്രിക തൊട്ടു വിളിച്ചു, പാടാത്ത വീണയും പാടും എന്നിവ റസ്റ്റ് ഹൗസിലെ പാട്ടുകളാണ്.
കഥാപ്രസംഗ രംഗത്തെ നിറസാന്നിദ്ധ്യം; കഥാ പ്രസംഗം മലയാളത്തിന് അന്യമാകുന്നു
40 ൽ ഏറെ ചിത്രങ്ങൾക്ക് തമ്പിയും എം കെ അർജ്ജനനും ഒരുമിച്ചു. സി ഐ ഡി നസീർ, രക്ത പുഷ്പം, പുഷ്പാഞ്ജലി, അന്വേഷണം, പഞ്ചവടി , പച്ച നോട്ടുകൾ, പൂന്തേനരുവി, പ്രവാഹം, പിക്നിക്, തിരുവോണം, സിന്ധു , ശാന്ത ഒരു ദേവത, പത്മരാഗം, പാരിജാതം എന്നീ ചിത്രങ്ങൾ ഇവരുടെ കൂട്ടായ്മയാണ്.
സാമ്പത്തിക വിജയം നേടിയ അനവധി ചിത്രങ്ങൾ തമ്പി നിർമ്മിച്ചു. അവയിലൊന്ന് ശശികുമാർ സംവിധാനം ചെയ്ത ചട്ടമ്പിക്കല്യാണിയായിരുന്നു. ഇതേ തുടർന്നു വന്ന മോഹിനിയാട്ടം നിരവധി അവാർഡുകൾ നേടി. നാല് നോവലുകൾ, ആറ് കവിതാ സമാഹാരങ്ങൾ, ഒരു നാടകം, ഒരു ചെറു കഥാ സമാഹാരം എന്നിവ തമ്പിയുടേതായുണ്ട്. സീരിയൽ രംഗത്തും അദ്ദേഹത്തിന്റെ വ്യക്തി മുദ്ര തെളിയിച്ചു.
കലാ നിപുണതയുടെ സപര്യസ്യതയിൽ ശ്രീകുമാരൻ തമ്പി തന്റെ ദൗത്യം തുടരുമ്പോൾ മലയാളത്തിന് തീർത്തും അഭിമാനിക്കാവുന്നതാണ്.