കൊളോണിയൽ സംസ്ക്കാരത്തിന്റെ ഭാഗമായിരുന്നു കൊല്ലം തങ്കശ്ശേരി . വൈദേശികരുടെ വാണിജ്യ ബന്ധം തങ്കശ്ശേരിക്ക് കൊല്ലത്തിന്റെ ചരിത്ര രേഖകളിൽ സ്ഥാനം നേടാനായി. അക്കാലം തൊട്ട് പിന്നീട് പകർന്നു കിട്ടിയ രുചി വൈവിധ്യങ്ങൾ ഇന്ന് തീർത്തും അന്യാധീനമായിരിക്കുന്നു.
ജീവിക്കാൻ ക്ലേശപ്പെടുമ്പോഴും ആംഗ്ലോ ഇൻഡ്യൻ എന്ന വിഭാഗക്കാർ ആഹാരകാര്യത്തിൽ സംമ്പൂർണ്ണമായ ഒരു ജീവിത ശൈലിയാണ് പുലർത്തിയിരുന്നത്.
തങ്കശ്ശേരിക്കാർക്ക് പ്രത്യേക തരം ഇറച്ചിക്കറികളും വീഞ്ഞും ജൂസും ഉണ്ടായിരുന്നു. അതായത് തങ്കശ്ശേരി സങ്കരവർഗ്ഗ പോർട്ടുഗീസ് രുചികൾ. തങ്കശ്ശേരിയിലെ ” മാട്രിമണി ” എന്ന കശുവണ്ടി അടിസ്ഥാനമാക്കിയ വിഭവം ഏറെ പ്രചുര പ്രചാരം നേടിയതായിരുന്നു. കുരുമുളകും ഗ്രാമ്പുവും തേങ്ങാപാലും ഇറച്ചിയും വെജിറ്റബിളും ചേർത്ത പോർട്ടുഗ്രീസിന്റെ പ്രശസ്തമായ ” സ്റ്റുവും”തങ്കശ്ശേരിക്കാരുടെ ഒഴിച്ചു കൂടാനാവാത്ത വിഭവമായിരുന്നു. അതേ പോലെ പലതരം പുഡ്ഡിംഗ്കളും കേരളത്തിന് വിഭാവന ചെയ്തത് തങ്കശ്ശേരി ക്കാരായിരുന്നു. “കൾകൾ” “റോസ് കുക്കീസ്” തുടങ്ങിയവ ഇവിടുത്തെ സ്നാക്കുകളുമാണ്. ” ഫിഷ് മോളി എന്നറിയപ്പെടുന്ന കറി തങ്കശ്ശേരിക്കാരുടെ ” കുസീത്” എന്ന കറിയുടെ വകഭേദമാണ്. ഇത് കേരള ജനത പിന്നീട് അവരുടെ സ്വന്തം വിഭവമാക്കി മാറ്റി.
ഇന്നത്തെ വെള്ളയപ്പത്തിന്റെ വകഭേദവും തങ്കശ്ശേരിക്കാരുടെ വകയാണ്. ഡച്ചുകാരാണ് തേങ്ങാപ്പാലും അരിമാവും മറ്റും ചേർത്ത് പുളിപ്പിച്ചെടുത്ത അപ്പം വികസിപ്പിച്ചെടുത്തത്. കൂടാതെ, പല വൈനുകളും വികസിപ്പിച്ചെടുത്തത് തങ്കശ്ശേരിയിൽ നിന്നുമായിരുന്നു. “ദോപ്പാ”, “ദോൽ ദോൽ” , വെള്ള ഹൽവ എന്നിവ ഇവിടുത്തെ പ്രത്യേക വിഭവങ്ങളായിരുന്നു. വൈനും കേക്കും കൊല്ലത്തിനു പരിചയപ്പെടുത്തിയതും തങ്കശ്ശേരിയായിരുന്നു. ബീഫിന്റെ ” വിന്താലു കറി” ഇവിടെ നിന്നും പോയതാണ്.
ആംഗ്ലോ ഇന്ത്യൻസിന്റെ കല്യാണങ്ങളും വിഭവങ്ങളും വേറിട്ട രീതിയിലായിരുന്നു. കല്യാണങ്ങൾക്ക് ആദ്യം ബ്രഡും സ്റ്റൂവും വിളമ്പും, പിന്നീട് സലാഡ്, ബീഫ്സ്റ്റീക്സ്, കട്ലറ്റ് തുടങ്ങിയവ വിളമ്പുന്നു. അവസാനം കുതിർന്ന പുഡ്ഡിംഗും ഉണ്ടാവും
തങ്കശ്ശേരിക്കാരുടെ കല്യാണം തുടക്ക നാളുകളിൽ രാവിലെ 6 മണിക്കായിരുന്നു. രാവിലെ കല്യാണം കഴിഞ്ഞാൽ കേക്കും, വൈനും, മാട്രിമണിയും വിളമ്പും. വധുവരൻമാർക്ക് നല്ല ആശംസാ വാക്കുകളോതുന്ന “ടോസ്റ്റ്” ആരെങ്കിലും പറയും. ലഘു ഭക്ഷണത്തിന് ശേഷം സംഗീതവും ഉണ്ടാവും. വയലിനും ഡ്രംസും ചേർന്ന ബാൻറിന്റെ താളത്തിൽ പ്രത്യേക ശൈലിയിലാവും അത്. അതോടൊപ്പം “ലാൻ സേർസ്”, “ക്വാട്രിൽ” തുടങ്ങിയ കളികളും അനുഗമിക്കും. അതിന് ശേഷമാണ് വിഭവ സമൃദ്ധമായ ഊണ്. രാത്രി സ്റ്റാൻഡിംഗ് സപ്പറും ഒപ്പം സംഗീതവും മദ്യവും സ്നാക്സും നൃത്തവും ഉണ്ടാവും. അതിന് ശേഷം ” ഹി ഈസ് എ ജോളി ഗുഡ് ഫെല്ലോ” പാടി പാർട്ടി അവസാനിപ്പിക്കും.
ഇതെല്ലാം ഒരു കാലഘട്ടത്തിന്റെ അനുരണനം ഉണർത്തുന്ന ഗൃഹാതുര ചടങ്ങുകളും ആസ്വാദ്യതയുടെയും അനുഭൂതിയുടെയും രുചി ഭേദങ്ങളുടെയും സാക്ഷ്യപ്പെടുത്തലുകളുമായിരുന്നു.