എന്ഡോസള്ഫാന് ഇരകള്‍ക്ക് നീതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തക ദയാബായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നടത്തുന്ന നിരാഹര സമരം 15 ദിവസം പിന്നിട്ടു. സമരം അവസാനിപ്പാക്കാന്‍ മുഖ്യമന്ത്രി ഇടപെട്ടു.സമരക്കാരുമായി ചർച്ച നടത്താൻ മന്ത്രിമാരെ ചുമതലപ്പെടുത്തി. മന്ത്രി ആർ ബിന്ദുവിനും ആരോഗ്യമന്ത്രി വീണാ ജോർജ്ജിനും മുഖ്യമന്ത്രി നിർദ്ദേശം നല്‍കി.
എൻഡോസൾഫാൻ ദുരിത ബാധിതർക്കായി പഞ്ചായത്തുകൾ തോറും ദിനപരിചരണ കേന്ദ്രങ്ങൾ തുടങ്ങുക, മെഡിക്കൽ കോളേജ് പൂര്‍ണ സജ്ജമാക്കുക, എയിംസ് പരിഗണനാപ്പട്ടികയിലേക്ക് കാസര്‍കോഡിനേയും ഉൾപ്പെടുത്തുക എന്നീ ആവശ്യങ്ങൾ ഉയർത്തിയാണ് ദയാബായിയുടെ സമരം. ആരോഗ്യം മോശമായതിനെ തുടർന്ന് രണ്ട് തവണ ദയാബായിയെ പൊലീസ് ബലംപ്രയോഗിച്ച് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ദയാബായി പൂർവ്വാധികം ശക്തിയോടെ സമരവേദിയിലേക്ക് മടങ്ങിയെത്തുകയായിരുന്നു.
പ്രായം 80 പിന്നിട്ടെങ്കിലും പൊലീസ് ഉണ്ടാക്കുന്ന അവശത അല്ലാതെ തനിക്ക് മറ്റൊരു അവശതയും ഇല്ലെന്ന് ദയാബായി വ്യക്തമാക്കി.. രാജ്യത്ത് ജനാധിപത്യം നശിച്ചെന്നും അതുകൊണ്ട് ആണ് താൻ ഇത്രയും നാളായി ഇവിടെ കിടന്നിട്ടും ഒന്നും നടക്കാത്തതെന്നും കാസര്‍കോട് ജില്ലയില്‍ ചികിത്സാ സൗകര്യം ഇല്ലെന്ന് മാത്രമല്ല, സര്‍ക്കാര്‍ മനപൂര്‍വ്വം നിഷേധിക്കുകയാണെന്നും ദയാബായി കൂട്ടിച്ചേര്‍ത്തു. കാസര്‍കോട് ജില്ലയോടുള്ള അവഗണന ആരോഗ്യ മേഖലയിലും തുടരുന്നുവെന്നാണ് ആക്ഷേപം.
മെഡിക്കല്‍ കോളേജില്‍ കിടത്തി ചികിത്സയില്ല. ആകെയുള്ളത് ഉച്ചവരെയുള്ള ഒപി മാത്രം. കാഞ്ഞങ്ങാട്ടെ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രിയുടെ ഉദ്ഘാടനം കഴിഞ്ഞിട്ട് 19 മാസം കഴിഞ്ഞെങ്കിലും പ്രവര്‍ത്തനം തുടങ്ങിയിട്ടില്ല. ജില്ലാ ആശുപത്രിയില്‍ വേണ്ടത്ര സൗകര്യങ്ങളും ഡോക്ടര്‍മാരുമില്ല. എന്‍ഡോസള്‍ഫാന് ദുരിത ബാധിതര്‍ ഉന്നയിക്കുന്ന പ്രശ്നങ്ങള്‍ നിരവധിയാണ്. ഈ മാസം രണ്ടിനാണ് ദയാബായിയുടെ നിരാഹാര സമരം സെക്രട്ടറിയേറ്റ് പടിക്കല്‍ തുടങ്ങിയത്.
ദയാബായി സമരം അവസാനിപ്പിക്കാൻ നീക്കം
എയിംസ് സ്ഥാപിക്കുന്നതിനുള്ള പരിഗണനാ പട്ടികയിൽ കാസർകോടും ഉൾപ്പെടുത്തണം എന്നതടക്കമുള്ള ആവശ്യങ്ങളുമായി സെക്രട്ടേറിയേറ്റിന് മുന്നിൽ രണ്ടാഴ്ചയോളമായി തുടരുന്ന സമരം അവസാനിപ്പിക്കാൻ നീക്കം. 90 ശതമാനം ആവശ്യങ്ങളും നടപ്പാക്കാമെന്ന് സർക്കാർ ഉറപ്പ് നൽകി. എന്നാഷ മുഴുവൻ ആവശ്യവും നടപ്പിലാക്കാതെ പിന്നോട്ടില്ലെന്ന് ദയാബായി നിലപാടെടുത്തു. പിന്നീട് ഏറെ നേരം മന്ത്രിമാരുമായി സംസാരിച്ച ശേഷം സമരം അവസാനിപ്പിക്കുന്ന കാര്യം ആലോചിച്ച് പറയാമെന്ന് ദയാബായി വ്യക്തമാക്കി.
തീരുമാനങ്ങളിൽ അന്തിമ തീരുമാനം ദയാബായിയുടേതാണെന്നാണ് സമര സമിതി നേതാക്കളുടെ നിലപാട്. ചർച്ചയ്ക്ക് പോകുന്നതിന് മുൻപ് തന്നെ സമര സമിതി നേതാക്കൾ ദയാബായിയെ കണ്ടിരുന്നു. അവരുടെ കൂടെ തീരുമാനപ്രകാരമുള്ള ആവശ്യങ്ങളാണ് ചർച്ചയിൽ ഉന്നയിച്ചത്. സമരം അവസാനിപ്പിക്കാനുള്ള തീരുമാനത്തിലായിരുന്നു സമര സമിതി. എന്നാൽ 80 ലേറെ പ്രായമുള്ള ദയാബായി രേഖാമൂലം ഉറപ്പ് വേണമെന്ന നിലപാടിൽ ഉറച്ച് നിൽക്കുകയാണ്.