തമിഴ്നാട് കൃഷ്ണഗിരി ജില്ലയിലെ ഹൊസൂറിൽ നൂറിലധികം സ്കൂൾ കുട്ടികളെ വിഷവാതകം ശ്വസിച്ച് അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുട്ടികൾ ഛർദ്ദിച്ച് അവശരായി സ്കൂൾ വളപ്പിലും ക്ലാസ് മുറികളിലും കുഴഞ്ഞുവീഴുകയായിരുന്നു. ഹൊസൂരിലെ ഒരു സർക്കാർ പ്രൈമറി സ്കൂളിലാണ് സംഭവം. 67 കുട്ടികൾ ഇപ്പോഴും ചികിത്സയിൽ തുടരുകയാണ്.
വാതക ചോർച്ചയുടെ ഉറവിടം വ്യക്തമല്ല. സ്കൂളിലെ സെപ്റ്റിക് ടാങ്കിൽ നിന്നാകാം വിഷവാതകം ചോർന്നതെന്നാണ് പ്രാഥമിക നിഗമനം. സമീപമുള്ള വ്യവസായ ശാലകളിൽ നിന്നാണോ എന്നും അന്വേഷിക്കുന്നുണ്ട്. പൊല്യൂഷൻ കൺട്രോൾ ബോർഡും വിദ്യാഭ്യാസ വകുപ്പും ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് അറിയിച്ചു.