കോടതിയലക്ഷ്യ കേസിൽ കോടതിയോട് നിരുപാധികം മാപ്പ് പറഞ്ഞ് സംവിധായകൻ ബൈജു കൊട്ടാരക്കര. വിചാരണക്കോടതി ജഡ്ജിയെ ആക്ഷേപിക്കുകയോ, ജുഡീഷ്യറിയെ അപമാനിക്കുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞ ബൈജു കൊട്ടാരക്കരയോട് മാപ്പപേക്ഷ രേഖാമൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.
നടി കേസിലെ വിചാരണ ജഡ്ജിയെ അപകീർത്തിപ്പെടുത്തിയതിനാണ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിട്ടുള്ളത്. സ്വകാര്യ ചാനൽ ചർച്ചയിൽ ബൈജു കൊട്ടാരക്കര ജഡ്ജിയുടെ വ്യക്തിത്വത്തെ ചോദ്യം ചെയ്തെന്നും, ജുഡീഷ്യറിയെ അപകീർത്തിപ്പെടുത്തി എന്നും കണ്ടെത്തിയാണ് കോടതി കേസെടുത്തത്. നേരത്തെ ബൈജു കൊട്ടാരക്കരയോട് നേരിട്ട് ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നെങ്കിലും കൂടുതൽ സാവകാശം തേടുകയായിരുന്നു. ഇക്കഴിഞ്ഞ മെയ് 9 നായിരുന്നു ജഡ്ജിനെതിരായ വിവാദ പരാമർശം.
നേരിട്ട് ഹാജരാകുന്നതിൽ നിന്ന് ഒഴിവാക്കണമെന്ന് ബൈജു കൊട്ടാരക്കരയുടെ ആവശ്യം തള്ളിയ ഹൈക്കോടതി കോടതിയലക്ഷ്യ ഹർജി ഈ മാസം 25ലേക്ക് പരിഗണിക്കാന്‍ മാറ്റി. വിശദീകരണം നൽകാൻ സാവകാശം വേണമെന്ന് ബൈജു കൊട്ടാരക്കര കോടതിയോട് അവശ്യപ്പെട്ടിട്ടുണ്ട്. ജസ്റ്റിസുമാരായ ജയശങ്കരൻ നമ്പ്യാർ, മുഹമ്മദ് നിയാസ് എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ച് ആണ് കോടതിയലക്ഷ്യ കേസ് ഹർജി പരിഗണിച്ചത്..
