പാലായിൽ ശശി തരൂരിന് അഭിവാദ്യം അർപ്പിച്ച് ഫ്ളക്സ് ബോർഡ്.കോൺഗ്രസിന്റെ രക്ഷയ്ക്കും രാജ്യത്തിൻറെ നന്മയ്ക്കും ശശി തരൂർ വരട്ടെ എന്ന ഫ്ലക്സ് ആണ് പാലാ കൊട്ടാരമറ്റത്ത് സ്ഥാപിച്ചിരിക്കുന്നത്. ആരുടെയും പേര് ചേർത്തല്ല പോസ്റ്റ് അടിച്ചിരിക്കുന്നത്.പാര്‍ട്ടി ഔദ്യോഗികമായി വച്ച ബോർഡല്ലെന്നും പ്രവർത്തകർ ആഗ്രഹിക്കുന്നത് തരൂരിനെയെന്നും മണ്ഡലം പ്രസിഡന്‍റ് വ്യക്തമാക്കി.
കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: നാമനിര്‍ദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി ഇന്ന്. മല്ലികാർജ്ജുൻ ഖാർഗെയും, ശശി തരൂരും മാത്രമാണ് നിലവിൽ മത്സര രംഗത്തുള്ളത്. നാമനിർദ്ദേശ പത്രിക പിൻവലിച്ചേക്കുമെന്ന അഭ്യൂഹങ്ങൾ തരൂർ കഴിഞ്ഞ ദിവസം തള്ളിയിരുന്നു.
ഖാർഗെ കൂടി പ്രചാരണത്തിനിറങ്ങയതോടെ തെരഞ്ഞെടുപ്പിൽ മത്സരം മുറുകുകയാണ്. ഗുജറാത്തിലും, മുംബൈയിലും പ്രചാരണത്തിനെത്തിയ മല്ലികാർജ്ജുൻ ഖാർഗെ ക്ക് വലിയ സ്വീകരണമാണ് പിസിസികൾ ഒരുക്കിയത്. പരസ്യ പിന്തുണ അറിയിക്കരുതെന്ന തെരഞ്ഞെടുപ്പ് സമിതിയുടെ നിർദ്ദേശം അവഗണിച്ചാണ് നേതാക്കൾ ഖാർഗെക്ക് സ്വീകരണം ഒരുക്കിയത്. ഖാർഗെ ഇന്ന് ഹൈദരബാദിലും, വിജയവാഡയിലും പ്രചാരണം നടത്തും.ദില്ലി, മുംബൈ എന്നിവിടങ്ങളിലാകും തരൂരിൻ്റെ പ്രചാരണം.
പരസ്യ പിന്തുണയിൽ എഐസിസി നേതാക്കൾക്ക് പങ്കുണ്ടെന്ന് ശശി തരൂർ
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് മല്ലികാർജ്ജുൻ ഖാർഗെയ്ക്ക് ലഭിക്കുന്ന പരസ്യ പിന്തുണയിൽ എഐസിസി നേതാക്കൾക്ക് പങ്കുണ്ടെന്ന് ശശി തരൂരിന് സംശയം. തെരഞ്ഞെടുപ്പ് മേൽനോട്ട സമിതിയോട് ഇക്കാര്യത്തിൽ തന്റെ പരാതി അറിയിക്കുമെന്ന് ശശി തരൂർ മുംബൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. എന്നാൽ എഐസിസി നേതാക്കളുടെ പങ്ക് സംബന്ധിച്ച് തെളിവ് കിട്ടിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ഖാർഗെയ്ക്ക് പിസിസികൾ പരസ്യ പിന്തുണ പ്രഖ്യാപിക്കുന്നതിന് പിന്നിൽ എഐസിസി നേതാക്കളാണെന്ന് കേൾക്കുന്നു. പക്ഷെ തെളിവ് കിട്ടിയിട്ടില്ല. വോട്ടെടുപ്പിലെ രഹസ്യ ബാലറ്റ് അനുകൂലമാകുമെന്ന് പ്രതീക്ഷിക്കുന്നു,’ എന്നും ശശി തരൂർ പറഞ്ഞു. അധ്യക്ഷ തെരഞ്ഞെടുപ്പിൽ മനസാക്ഷി വോട്ടെന്നാണ് ഹൈക്കമാന്റ് പറഞ്ഞതെന്നും ഖാർഗെയ്ക്ക് പിസിസികൾ പരസ്യ പിന്തുണ പ്രഖ്യാപിച്ചതിനെതിരെ തരൂർ ചൂണ്ടിക്കാട്ടി. ഖാർഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് പിസിസികൾ രംഗത്ത് വരികയാണെങ്കിലും പ്രചാരണത്തിൽ നിന്ന് തരൂർ പിന്നോട്ടില്ല. ഇന്ന് മുംബൈയിലാണ് അദ്ദേഹമുള്ളത്. ഖാർഗെ ഇന്ന് ഹൈദരബാദിലും, വിജയവാഡയിലും പ്രചാരണം നടത്തും.