എ.കെ.ജി സെന്റർ ആക്രമണ കേസിൽ പ്രതി ജിതിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് വിധി പറയുക.എ.കെ.ജി സെന്ററിലേക്ക് ജിതിൻ എറിഞ്ഞത് ബോംബ് തന്നെയെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.എന്നാൽ കേസ് രാഷ്ട്രീയ നാടകമാണെന്ന നിലപാട് പ്രതിഭാഗം കോടതിയെ അറിയിച്ചിരുന്നു.
ജാമ്യ ഹർജി പരിഗണിച്ച ചൊവ്വാഴ്ച ശക്തമായ വാദമാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ നടന്നത്. എ.കെ.ജി. സെന്ററിന് നേരെ എറിഞ്ഞത് അത്യുഗ്ര ശേഷിയുള്ള സ്ഫോടക വസ്തു എന്നായിരുന്നു പ്രോസിക്യൂഷന്‍ വാദം. മതില്‍ കെട്ടിലെ മെറ്റിലിന്റെ ചെറിയൊരു ഭാഗം മാത്രമാണ് തകര്‍ന്നതെന്ന് പ്രതിഭാഗം മറുവാദം ഉന്നയിച്ചിരുന്നു.
എറിഞ്ഞത് ഏറുപടക്കമാണെന്നും അറസ്റ്റ് ചെയ്യപ്പെട്ട ജിതിന് സംഭവത്തിൽ പങ്കില്ലെന്നും പ്രതിഭാഗം ആരോപിച്ചു.ടീ ഷര്‍ട്ടിന്റെയും ധരിച്ചിരുന്ന ഷൂസിന്റെയും ബ്രാന്റുകള്‍ ഏതെന്ന് പതിഞ്ഞ സി.സി.ടി.വി.യിൽ പ്രതിയുടെ മുഖം വ്യക്തമാകാഞ്ഞത് എന്തെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.ആക്രമണ സമയത്തു ജിതിൻ സഞ്ചരിച്ച ഡിയോ സ്‌കൂട്ടറും,ധരിച്ചിരുന്ന ടീ ഷർട്ടും കണ്ടെത്താനാകാത്തതാണ് പ്രോസിക്യൂഷന് തിരിച്ചടി.ഗൂഡാലോചനയിൽ പങ്കെടുത്ത മറ്റു പ്രതികളെ കണ്ടെത്തണമെന്ന വാദം ഉയർത്തിയാണ് പ്രതിയുടെ ജാമ്യം പ്രോസിക്യൂഷൻ എതിർക്കുന്നത്.