പോപ്പുലര്‍ ഫ്രണ്ടിനെ രാജ്യത്ത് നിരോധിച്ചതിന് പിന്നാലെ, പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി അബ്ദുൽ സത്താർ പൊലീസ് കസ്റ്റഡിയിൽ. കരുനാഗപ്പള്ളി എസിപിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കസ്റ്റഡിയിൽ എടുത്തത്. അബ്ദുൽ സത്താറിനെ കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലും പിന്നീട് കൊല്ലം പൊലീസ് ക്ലബ്ബിലേക്കും മാറ്റി. അബ്ദുൽ സത്താറിനെ എൻഐഎക്ക് കൈമാറും. ഉച്ചക്ക് 12.30ഓടെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.
എന്‍ഐഎ ഇയാള്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ഇയാള്‍ ഒളിവിലാണെന്നും സൂചനയുണ്ടായിരുന്നു. എന്നാല്‍ കരുനാഗപ്പള്ളി ഓഫിസില്‍ വെച്ചാണ് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്ത സമയം പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഓഫിസിന് മുന്നില്‍ തടിച്ചുകൂടിയിരുന്നു. സുരക്ഷയോടെയാണ് പൊലീസ് എത്തിയത്. സത്താറുമായി സംസാരിച്ച ശേഷമാണ് കസ്റ്റഡിയിലെടുത്തത്. ഇയാളെ ചോദ്യം ചെയ്യുന്നുണ്ട്.
എന്‍ഐഎ കേസില്‍ മൂന്നാം പ്രതിയാണ്. ഇയാളുടെ വീട്ടിലടക്കം എന്‍ഐഎ റെയ്ഡ് നടത്തിയിരുന്നു. എന്നാല്‍, ഈ സമയം ഇയാള്‍ വീട്ടിലുണ്ടായിരുന്നില്ല. എന്‍ഐഎ ഉദ്യോദഗസ്ഥര്‍ ഉടന്‍ കൊല്ലം പൊലീസ് ക്ലബിലെത്തും. വയനാട്ടിലെ പോപ്പുലർ ഫ്രണ്ട് പ്രാദേശിക നേതാവിൻ്റെ വീട്ടിലും പൊലീസ് റെയ്ഡ് നടത്തി. പിഎഫ്ഐ മാനന്തവാടി ഏരിയ പ്രസിഡൻ്റ് കല്ലുമൊട്ടൻകുന്നിലെ സലീമിൻ്റെ വീട്ടിലും പരിസരത്തുമാണ് പൊലീസ് പരിശോധന നടത്തിയത്. മാനന്തവാടി ഡിവൈഎസ്പി എ.പി ചന്ദ്രനും സംഘവുമാണ് വീട്ടിൽ റെയ്ഡിനെത്തിയത്. കഴിഞ്ഞ ദിവസം സലീമിൻ്റെ എരുമതെരുവിലെ ടയർ കടയിൽ നിന്നും ആയുധം കണ്ടെത്തിയ പശ്ചാത്തലത്തിലാണ് പൊലീസ് പരിശോധന.