കോഴിക്കോട് മെഡിക്കൽ കോളേജിൽ സുരക്ഷാ ജീവനക്കാരെ ആക്രമിച്ച കേസിൽ ജാമ്യാപേക്ഷയുമായി ഡിവൈഎഫ്ഐ പ്രവർത്തകർ ഹൈക്കോടതിയെ സമീപിച്ചു. അന്വേഷണം ഏതാണ്ട് പൂർത്തിയായതിനാൽ ജാമ്യം അനുവദിക്കണമെന്നാണ് പ്രതികളുടെ ആവശ്യം. പരാതിക്കാരന് പ്രതികളോടുള്ള ശത്രുതയാണ് കേസിൽ പെടുത്താൻ കാരണം.
കേസിൽ പൊലീസിന് ഗൂഢമായ ഉദ്ദേശ്യമുണ്ട്. പ്രതികൾക്കെതിരെ തെളിവുകൾ കണ്ടെത്താൻ പൊലീസിന് സാധിച്ചിട്ടില്ലെന്നും പ്രതികൾ ആരോപിക്കുന്നു. ഡിവൈഎഫ്ഐ നേതാവ് അരുൺ അടക്കം 5 പ്രതികൾ ആണ് ജാമ്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചിട്ടുള്ളത്.
കഴിഞ്ഞ 16 മുതൽ റിമാൻഡിൽ ആണെന്നും അന്വേഷണം പൂർത്തിയായ സാഹചര്യത്തിൽ ഇനി കസ്റ്റഡിയിൽ ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നും ജാമ്യം അനുവദിക്കണമെന്നുമാണ് ആവശ്യം.
തന്റെ ഭാര്യയെ ആദ്യം സെക്യൂരിറ്റി ജീവനക്കാരനാണ് ആക്രമിച്ചതെന്നും അതിൽ പരാതി നൽകിയതിലുള്ള വിരോധമായിരുന്നു സെക്യൂരിറ്റി ജീവനക്കാരനെന്നും അരുൺ വ്യക്തമാക്കുന്നു. നേരത്തെ കോഴിക്കോട് സെഷൻസ് കോടതി പ്രതികളുടെ ഹർജി തള്ളിയിരുന്നു.