ദേശീയതലത്തിൽ പ്രതിപക്ഷ ഐക്യനിര ശക്തിപ്പെടുത്താനുള്ള കൂടിക്കാഴ്ച ഇന്ന്. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ,ആർ ജെ ഡി നേതാവ് ലാലുപ്രസാദ് യാദവ് സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.ഹരിയാനയിൽ പ്രതിപക്ഷ ഐക്യനിരയുടെ ശക്തി പ്രകടനവും നടക്കും. ബീഹാറിലെ മഹാസഖ്യം മോഡൽ രാഷ്ട്രീയ നീക്കമാണ് ദേശീയതലത്തിലും നടത്തുന്നത്.
2024ൽ പൊതു തെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം ശക്തിപ്പെടുത്താനുള്ള ദൗത്യത്തിന് മേൽനോട്ടം വഹിക്കുന്നത് നിതീഷ് കുമാറാണ്.സീതാറാം യെച്ചൂരി,അരവിന്ദ് കെജരിവാൾ ,അഖിലേഷ് യാദവ് തുടങ്ങിയ പ്രതിപക്ഷ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയതിന്റെ തുടർച്ചയായിട്ടാണ് നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ഇന്ന് കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ കാണുന്നത്.നിതീഷ് കുമാറും സോണിയ ഗാന്ധിയുമായി ഏഴു വർഷങ്ങൾക്ക് ശേഷമുള്ള കൂടിക്കാഴ്ച. പ്രതിപക്ഷ ഐക്യനിരയിൽ കോൺഗ്രസിനെ ഉൾപ്പെടുത്തണമോ എന്ന ആശയക്കുഴപ്പം നിലനിൽക്കുന്നതിനിടെയാണ് കൂടിക്കാഴ്ച എന്നതും ശ്രദ്ധേയം.
ഹരിയാനയിലെ ഫത്തേഹബാദിൽ ഇന്ത്യൻ നാഷണൽ ലോക് ദളിന്റെ റാലി
പ്രതിപക്ഷ ഐക്യ നിരയുടെ പ്രധാന ചുവടുവെപ്പായി വിലയിരുത്തുന്നു .
നിതീഷ് കുമാറിനും തേജസ്വി യാദവിനും പുറമെ പ്രതിപക്ഷ നിരയിൽ നിന്ന് ഭൂപീന്ദർ ഹൂഡ,സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി,എൻസിപി നേതാവ് ശരദ് പവാർ,ഡിഎംകെയുടെ കനിമൊഴി എന്നിവർ പങ്കെടുക്കും. മമത ബാനർജിയും , ഉദ്ധവ് താക്കറെയും റാലിയുടെ ഭാഗമാക്കുമെന്നാണ് സൂചന.തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിനും ക്ഷണമുണ്ട്.ആശയക്കുഴപ്പവും, ഭിന്നതയും മാറ്റിവെച്ച് പ്രതിപക്ഷം ഒറ്റക്കെട്ടായാൽ അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ പുറത്താക്കാൻ കഴിയുമെന്നാണ് പ്രതിപക്ഷ പാർട്ടികൾക്കിടയിലെ പൊതു വിലയിരുത്തൽ.