ഒരോണപ്പാട്ട്
– കെ പ്രദീപ് കുമാർ
വന്നിതാ ചിങ്ങമാസത്തിനുത്സവം
വന്നിതാ മുറ്റത്തൊരോണക്കിളി
കൊച്ചു തുമ്പപ്പൂവിൻ സുഗന്ധമേറിയ കാറ്റേ
നീ നിൻ പൂങ്കനി പെണ്ണിൻ പൂഞ്ചായയിൽ
പുഷ്പ വൃഷ്ടിയാൽ അമ്പുകൾ തീർത്തു
എങ്ങും പൂക്കുന്ന പൂത്തിര മുറ്റത്ത്
തിരുവോണ കഥ പാടി കന്യകമാർ
ചാരുസ്മിതം തൂകി കുഞ്ഞുപൈതൽ
ഓണപ്പുടവയാൽ സ്വപ്നം കണ്ടു
മുത്തശ്ശി മുറ്റത്തെ പൂപ്പന്തലിൽ
ആധാര ദണ്ഡ വിഹീനമായ്
ഓണത്തപ്പന്റെ വരവും കാത്ത്
മുത്തശ്ശി തന്നുടെ പുക്കളം തീർത്തു
വിഭാത സന്ധ്യയിൽ ബാലികമാർ
പൂക്കുടയുമേന്തി കാട്ടിലൂടെ
പൂക്കളിറുത്ത് നിറച്ചും കൊണ്ടു്
മെഴുകിയ പൂക്കളത്തിൽ വർണ്ണങ്ങൾ തീർത്തു
മാവേലി നാടു വാണീടും കാലം
മനുഷ്യരെല്ലാരും ഒന്നു പോലെ…
ഇങ്ങനെ പാട്ടുകൾ പാടി;പിന്നെ
ഊഞ്ഞാലിൽ ആമോദം ആടി,
പൊയ്പോയ നാളുകൾ ഉണർത്തി,
വീണ്ടും നന്മയുടെ കാലത്തിലേക്ക്
മാലോകർ എല്ലാം എത്തിടുന്നു!