കൊല്ലം- ആയൂരിൽ നീറ്റ് പരീക്ഷക്കെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം അഴിച്ച സംഭവത്തിൽ വീണ്ടും പരീക്ഷ നടത്താനൊരുങ്ങി നാഷണൽ ടെസ്റ്റിങ് ഏജൻസി. സെപ്റ്റംബര്‍ നാലിനാണ് പരീക്ഷ. ഇതുസംബന്ധിച്ചുള്ള അറിയിപ്പ് വിദ്യാര്‍ഥിനികൾക്ക് ലഭിച്ചു.
വിവാദമുണ്ടായി ഒരു മാസത്തിന് ശേഷമാണ് പരീക്ഷ വീണ്ടും നടത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി തീരുമാനിച്ചത്. ആയൂര്‍ മര്‍ത്തോമ കോളേജിൽ പരീക്ഷ എഴുതിയ പെണ്‍കുട്ടികൾക്ക് മാത്രമാണ് അവസരം. കൊല്ലം എസ്എൻ സ്കൂളിൽ അടുത്ത മാസം നാലിന് ഉച്ചയ്ക്കാണ് പരീക്ഷ.
ഹാൾടിക്കറ്റ് ലഭിച്ചതായും വീണ്ടും പരീക്ഷ നടത്തുമ്പോൾ കൃത്യമായ യോഗ്യതയുള്ളവരെ മേൽനോട്ടത്തിന് നിയമിക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു. കേരളത്തിന് പുറമേ രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിലായി ആറു കേന്ദ്രങ്ങളിൽ കൂടി ഇതേ ദിവസം പരീക്ഷ നടക്കും.
ആയുരിലെ പരീക്ഷ നടത്തിപ്പിലെ വീഴ്ച്ചയിൽ പരീക്ഷ കേന്ദ്രത്തിന്റെ ചുമതലയുണ്ടായിരുന്ന പ്രജി കുര്യൻ ഐസക്, ഒബ്സര്‍വർ ഡോ. ഷംനാദ് എന്നിവരടക്കം ഏഴ് പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോൾ ജാമ്യത്തിലാണ്.