കൊല്ലം അറയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിൽ സാന്പത്തിക ക്രമക്കേട് നടത്തിയതിന് പുറത്താക്കിയ ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. ഒരു കോടിയിലേറെ രൂപയുടെ തട്ടിപ്പ് നടത്തിയ അക്കൗണ്ടന്‍റ് സജീവിനെയാണ് പുറത്താക്കി ആറ് മാസം തികയും മുന്പേ തിരിച്ചെടുത്തത്. മാനുഷിക പരിഗണന വച്ചാണ് നടപടിയെന്നാണ് ബാങ്ക് അധികൃതരുടെ വിശദീകരണം.
2021 ഏപ്രിൽ 9 നാണ് അക്കൗണ്ടന്‍റായ സജീവിനെ പുറത്താക്കിയത്. ഇൻവസ്റ്റ്മെന്റ് പലിശ, മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജീവനക്കാർ നൽകിയ പണം, സാമൂഹ്യ സുരക്ഷ പെൻഷൻ തുടങ്ങിയവ മറ്റ് അക്കൗണ്ടുകളിലേക്ക് വകമാറ്റി ക്രമക്കേട് നടത്തിയെന്നാണ് കൊല്ലം സഹകരണ സംഘം ജോയിന്റ് രജിസ്ട്രാർ എം ഷഹീർ കണ്ടെത്തിയത്.
വ്യാജ വിലാസമുണ്ടാക്കി ബാങ്ക് സെക്രട്ടറിയുടേത് അടക്കം പാസ് വേഡ് കൈക്കലാക്കിയായിരുന്നു തട്ടിപ്പ് നടത്തിയത്. ഒരു കോടിയിലേറെ രൂപയുടെ അഴിമതിയാണ് സജീവൻ നടത്തിയത്. എന്നാൽ സി പി എമ്മും സി പി ഐയും ചേർന്ന് ഭരിക്കുന്ന ബാങ്ക് ഭരണസമിതി സജീവനെ വീണ്ടും തിരിച്ചെടുക്കാൻ തീരുമാനിക്കുക ആയായിരുന്നു.
ബാങ്കിൽ നിന്നും തട്ടിയെടുത്ത പണം സജീവൻ തിരിച്ചടച്ചെന്നും മാനുഷിക പരിഗണന കൊണ്ടാണ് തിരികെ എടുത്തതെന്നുമാണ് ബാങ്ക് ജീവനക്കാർ പറയുന്നത്. മാധ്യമങ്ങൾ സഹകരണ മേഖലയെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ആരോപിക്കുന്ന ഇടതുപക്ഷത്തിന്റെ ഭരണ സമിതി തന്നെയാണ് സജീവനെ തിരികെ ബാങ്കിലേക്ക് കൊണ്ടുവന്നിരിക്കുന്നതും. ചുരുക്കത്തിൽ കള്ളന്റെ കയ്യിൽ തന്നെ താക്കോലേൽപ്പിക്കുന്ന രീതി.