മസാല ബോണ്ട് കേസിലെ എന്ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണത്തിന് സ്റ്റേ ഇല്ല. തുടർ നടപടികൾ സ്റ്റേ ചെയ്യണം എന്ന കിഫ്‌ബി ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. ഇ ഡി സമൻസ് നല്ല ഉദ്ദേശത്തോടെ അല്ലെന്നും പ്രവർത്തനം തടസ്സപ്പെടുത്തലാണ് ലക്ഷ്യമെന്നും ആയിരുന്നു കിഫ്‌ബിയുടെ ആരോപണം. ഹർജി സെപ്റ്റംബർ 2ന് വീണ്ടും പരിഗണിക്കാനായി മാറ്റി.
മസാല ബോണ്ട് വിതരണവുമായി ബന്ധപ്പെട്ട് ഇ ഡി നടത്തുന്ന അന്വേഷണത്തിലെ തുടർ നടപടികൾ സ്റ്റേ ചെയ്യണം എന്നായിരുന്നു കിഫ്‌ബിയുടെ ആവശ്യം. പണം വന്നത് നിയമവിരുദ്ധമായിട്ടയാണെന്ന് പറയാൻ കഴിയില്ലെന്നും കിഫ്‌ബി കോടതിയില്‍ പറഞ്ഞു. ഇ ഡി സമൻസ് നല്ല ഉദ്ദേശത്തോടെ അല്ലെന്നും പ്രവർത്തനം തടസ്സപ്പെടുത്തൽ ആണ് ലക്ഷ്യമെന്നും ഹര്‍ജിയില്‍ ആരോപിച്ചു.
മസാല ബോണ്ടിന് ആര്‍ബിഐയുടെ അംഗീകാരം ഉണ്ടെന്നും ഫെമ ലംഘനം അന്വേഷിക്കേണ്ടത് റിസർവ് ബാങ്കാണെന്നും കിഫ്‌ബി കോടതിയില്‍ പറഞ്ഞു. എന്നാല്‍, കിഫ്‌ബി ഫെമ നിയമങ്ങൾ ലംഘിച്ചതായി സംശയം ഉണ്ടെന്ന് ഇ ഡിയെ അറിയിച്ചു. മറുപടി നൽകാൻ കൂടുതൽ സാവകാശം വേണമെന്നും വിശദമായ സത്യവാങ്മൂലം സമർപ്പിക്കാമെന്നും ഇ ഡി ഹൈക്കോടതിയെ അറിയിച്ചു. ഇതേ തുടര്‍ന്നാണ് ഇ ഡി അന്വേഷണം സ്റ്റേ ചെയ്യാതെ ഹർജി സെപ്റ്റംബർ 2ന് പരിഗണിക്കാന്‍ മാറ്റിയത്.
