ലോകായുക്ത വിധി പരിശോധിക്കാന്‍ സര്‍ക്കാറിന് പകരം സ്വതന്ത്രചുമതലയുള്ള ഉന്നതാധികാര സമിതിയെ നിയോഗിക്കാമെന്ന നിര്‍ദ്ദേശം സിപിഐ മുന്നോട്ട് വെക്കും. നിയമസഭ സമ്മേളനത്തിന് മുമ്പ് സിപിഎംസിപിഐ ചര്‍ച്ച നടത്തും.ലോകായുക്ത നിയമത്തില്‍ വെള്ളം ചേര്‍ത്തുള്ള ഭേദഗതിയെ ശക്തമായി എതിര്‍ത്ത സിപിഐ വിട്ടുവീഴ്ച ചെയ്ത് ബദല്‍ നിര്‍ദ്ദേശം മുന്നോട്ട് വെക്കും.
അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകരെ സ്ഥാനത്തുനിന്നും അയോഗ്യരാക്കുന്ന ലോകായുക്ത നിയമത്തിലെ 14 ആം വകുപ്പ് എടുത്തുകളയുന്നതാണ് സര്‍ക്കാര്‍ ഓര്‍ഡിനന്‍സ്. വിധിക്കെതിരെ ഗവര്‍ണ്ണര്‍ക്കോ മുഖ്യമന്ത്രിക്കോ സര്‍ക്കാറിനോ അപ്പീല്‍ നല്‍കാമെന്നതാണ് പ്രധാന ഭേദഗതി.
പൊതുപ്രവര്‍ത്തകരുടെ നിയമനാധികാരി അപ്പീല്‍ കേള്‍ക്കുക എന്ന ഭേദഗതിക്ക് പകരം സ്വതന്ത്രമായ ഉന്നതാധികാര സമിതി എന്ന നിലയിലേക്കാണ് സിപിഐ അയഞ്ഞെത്തിയിരിക്കുന്നത്. വിധിക്കെതിരെ അപ്പീല്‍ ഇല്ലാത്തതിന്റെ നിയമപ്രശ്‌നം പരിഗണിച്ചാണ് ഇതെന്നാണ് പാര്‍ട്ടി വൃത്തങ്ങളുടെ വിശദീകരണം.