25.8 C
Kollam
Friday, November 22, 2024
HomeNews11 ഓർഡിനൻസുകളുടെ കാലാവധി നാളെ തീരും; ഒപ്പിടാതെ ഗവർണർ

11 ഓർഡിനൻസുകളുടെ കാലാവധി നാളെ തീരും; ഒപ്പിടാതെ ഗവർണർ

- Advertisement -
- Advertisement -

ലോകായുക്ത നിയമഭേദഗതി അടക്കമുള്ള 11 ഓർഡിനൻസുകളുടെ കാലാവധി നാളെ തീരാനിരിക്കെ ഗവർണ്ണർ ഒപ്പിടാത്തത് മൂലമുള്ള പ്രതിസന്ധി മറികടക്കാൻ നിയമവിദഗ്ധരുമായി സർക്കാർ ആലോചന തുടങ്ങി . അതേ സമയം ഇപ്പോൾ ദില്ലിയിലുള്ള ആരിഫ് മുഹമ്മദ് ഖാൻ അനുനയത്തിൻറെ സൂചനകളൊന്നും ഇതുവരെ നൽകിയിട്ടില്ല. കാത്തിരുന്ന് കാണാമെന്നായിരുന്നു നിയമമന്ത്രിയുടെ പ്രതികരണം.സർക്കാറിനെ കടുത്ത പ്രതിസന്ധിയിലാക്കിയാണ് ഗവർണ്ണർ ഇപ്പോൾ ഉടക്കിട്ട് നിൽക്കുന്നത്.

സർക്കാരിനെ മറികടന്ന് കേരള വിസി നിയമനത്തിനായുള്ള സെർച്ച് കമ്മിറ്റി ഉണ്ടാക്കിയ ആരിഫ് മുഹമ്മദ് ഖാൻ കാലാവധി തീരാനായ പതിനൊന്ന് ഓർഡിനൻസുകളിലും ഒപ്പിടാതെ ഉറച്ചു നിൽക്കുകയാണ്. ലോകായുക്ത നിയമഭേദഗതി ഓ‌ർഡിനൻസിൽ അനുമതി നേടലാണ് മുഖ്യമന്ത്രിക്കും സർക്കാറിനും പരമപ്രധാനം. പക്ഷെ ഓർഡിനൻസിൻറെ കാലാവധി നാളെ തീരാനിരിക്കെ ഗവർണ്ണർ അയയുന്നതിൻറെ ഒരു സൂചനയും നൽകുന്നില്ല. ഫലത്തിൽ നാളെ ഒപ്പിട്ടിട്ടില്ലെങ്കിൽ ഓർഡിനൻസ് ലാപ്സാകും.

പഴയ ലോകായുക്ത നിയമം വീണ്ടും പ്രാബല്യത്തിലും വരും. ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതിൽ മുഖ്യമന്ത്രിക്കെതിരെ ലോകായുക്തയിലുള്ള കേസ് കൂടുതൽ നിർണ്ണായകമാകും. പരാതിയിൽ വാദം പൂർത്തിയാക്കി കേസ് ലോകായുക്ത ഉത്തരവിനായി മാറ്റിവെച്ചിരിക്കെയാണ്. അതിനിടെയാണ് ലോകായുക്തയുടെ അധികാരം വെട്ടികുറക്കുന്ന ഓർഡിനൻസ് അനിശ്ചിതത്വത്തിലായത്.
നേരത്തെ വലിയ എതിർപ്പ് ഉയർത്തിയ ഗവർണ്ണർ മുഖ്യമന്ത്രി നടത്തിയ കൂടിക്കാഴ്ചയോടെ അനുനയത്തിലെത്തി ഓ‌ർഡിനൻസിൽ ഒപ്പിടുകയായിരുന്നു. ഓർഡിനൻസിന് പകരമുള്ള ബിൽ നിയമസഭ ഇത് വരെ പാസ്സാക്കാത്തെ സാഹചര്യത്തിലാണ് വീണ്ടും ഓർഡിനൻസ് പുതുക്കിയിറക്കിയത്.

ഇതിനിടെ വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം കവരാനുള്ള നിയമഭേദഗതി കൊണ്ടുവരാൻ സർക്കാർ നടപടി സ്വീകരിച്ചതോടെയാണ് ആരിഫ് മുഹമ്മദ് ഖാൻ വീണ്ടും പോർമുഖം തുറന്നത്. നാളെ ഓർഡിനൻസ് ലാപ്സാസായാൽ വീണ്ടും ഓർഡിനൻസ് മന്ത്രിസഭക്ക് പുതുക്കി ഇറക്കാം. പക്ഷെ അപ്പോഴും ഗവർണ്ണർ ഒപ്പിടണം. ഒരു തവണ തിരിച്ചയച്ച ഓ‌ർഡിനൻസ് വീണ്ടും സർക്കാർ അയച്ചാൽ ഗവർണ്ണർ ഒപ്പിടണം. പക്ഷെ ഇവിടെ ഓർഡിനൻസിൽ തീരുമാനമെടുക്കാതെ രാജ്ഭവൻ നീട്ടിവെക്കുന്നതാണ് സർക്കാറിനെ കടുത്ത വെട്ടിലാക്കുന്നത്. വിസി നിയമന ഓർഡിനൻസിലും സമാന നിലപാടാകും ഗവർണ്ണർ സ്വീകരിക്കാൻ സാധ്യത. ഇതിനിടെ മുഖ്യമന്ത്രിയോ ചീഫ് സെക്രട്ടറിയോ വീണ്ടും ഗവർണ്ണറുമായി സംസാരിക്കാനുള്ള സാധ്യതയുണ്ട്. ദില്ലിയിലുള്ള ആരിഫ് മുഹമ്മദ് ഖാൻ 12-ന് മാത്രമേ ഇനി തിരുവനന്തപുരത്ത് തിരിച്ചെത്തൂ.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments