ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് തുറന്നു. മൂന്ന് ഷട്ടറുകള്‍ 30 സെന്റിമീറ്റര്‍ വീതം തുറന്ന് 543 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നു. 9066 ഘനയടിയാണ് നീരൊഴുക്ക്. വി 2, വി 3, വി4 ഷട്ടറുകള്‍ മൂന്ന് സെന്റിമീറ്റര്‍ വീതമാണ് ഉയര്‍ത്തിയത്. 137.50 അടിയാണ് നിലവില്‍ മുല്ലപ്പെരിയാറിലെ ജലനിരപ്പ്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് മുല്ലപ്പെരിയാറിലെ മൂന്ന് സ്പില്‍ വേ ഷട്ടറുകള്‍ ഉയര്‍ത്തിയത്.
സ്ഥിതി ഗതികള്‍ വിലയിരുത്തിയ ശേഷം, മൂന്ന് ഷട്ടറുകള്‍ കൂടി അധികമായി ഉയര്‍ത്തി പുറത്തേയ്ക്ക ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് ആയിരം ഘനയടിയായി വര്‍ദ്ധിപ്പിയ്ക്കും.അണകെട്ടില്‍ നിന്നും വെള്ളം പുറത്തേയ്ക്ക് ഒഴുക്കുന്നുണ്ടെങ്കിലും പെരിയാര്‍ നദിയിലെ ജലനിരപ്പില്‍ കാര്യമായ മാറ്റമുണ്ടാവില്ല.
നിലവില്‍ നദിയിലെ ജലനിരപ്പ് മുന്നറിയിപ്പ് ലെവലിനേക്കാള്‍ 80 സെന്റി മീറ്ററോളം താഴെയാണ്. മുന്നറിയിപ്പ് ലെവലിനേക്കാള്‍ ഒരു മീറ്റര്‍ കൂടി വര്‍ദ്ധിച്ചെങ്കില്‍ മാത്രമെ, ജലനിരപ്പ് അപകട മുന്നറിയിപ്പിലേയ്ക്ക് എത്തു. 6000 ഘന അടി വെള്ളം എങ്കിലും പുറത്തേയ്ക്ക് ഒഴുക്കിയാല്‍ മാത്രമെ മുന്നറിയിപ്പ് ലെവലിലേയ്ക്ക് ജലനിരപ്പ് ഉയരൂ എന്നാണ് വിലയിരുത്തല്‍. ഇക്കാരണത്താല്‍ നിലവില്‍ തീരദേശ വാസികളെ മാറ്റി പാര്‍പ്പിയ്‌ക്കേണ്ട സാഹചര്യമില്ല. എന്നാല്‍ അടിയന്തിര ഘട്ടങ്ങളില്‍ ആളുകളെ മാറ്റി പാര്‍പ്പിയ്ക്കുന്നതിനുള്ള എല്ലാവിധ സജീകരണങ്ങളും ജില്ലാ ഭരണ കൂടം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
തീര ദേശത്തെ വീടുകളില്‍ നേരിട്ടെത്തി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥിതിഗതികള്‍ വ്യക്തമാക്കിയിട്ടുണ്ട്. മഴ കുറഞ്ഞതോടെ മുല്ലപ്പെരിയാറിലേയ്ക്കുള്ള നീരൊഴുക്കിലും കുറവുണ്ട്. നിലവില്‍ 5616 ഘന അടിവെള്ളമാണ് അണകെട്ടിലേയ്ക്ക് ഒഴുക്കുന്നത്. സ്പില്‍ വേയിലൂടെയും ടണല്‍ മാര്‍ഗവും ആയി ആകെ 2700 ഘന അടി വെള്ളമാണ് പുറത്തേയ്ക്ക് ഒഴുക്കുന്നത്.