സംസ്ഥാനത്ത് വീണ്ടും റെഡ് അലേര്‍ട്ട്. എട്ട് ജില്ലകളിലാണ് അതിതീവ്ര മഴ മുന്നറിയിപ്പായ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്.പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് , കണ്ണൂര്‍ ജില്ലകളിലാണ് റെഡ് അലേര്‍ട്ട്. കൊല്ലം, മലപ്പുറം, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. തിരുവനന്തപുരത്ത് യെല്ലോ അലേര്‍ട്ടാണ് പുറപ്പെടുവിച്ചിരിക്കുന്നത്.നാളെയോടുകൂടി മഴ പൂര്‍ണമായും ശമിക്കുമെന്നായിരുന്നു നേരത്തെ വന്ന അലേര്‍ട്ട്. എന്നാല്‍ നാളെ മഴ തുടരും എന്നാണ് നിലവില്‍ പുറത്ത് വരുന്ന വിവരം.
സംസ്ഥാനത്തെ ആറ് ഡാമുകളില്‍ റെഡ് അലേര്‍ട്ട് തുടരുന്നു
സംസ്ഥാനത്തെ ആറ് ഡാമുകളില്‍ റെഡ് അലേര്‍ട്ട് തുടരുന്നു. ഇടുക്കി അണക്കെട്ടില്‍ ജലനിരപ്പ് 2377 അടിയായി. തൃശ്ശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റ് തുറന്നു. ചിമ്മിനി ഡാം ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തും. ശക്തമായ മഴയില്‍ പുഴകളും തോടുകളും നിറയുന്നതിനാല്‍ തീരത്തുള്ളവര്‍ ആശങ്കയിലാണ്.
ഇടുക്കിയിലെ പൊന്മുടി,ലോവര്‍ പെരിയാര്‍, കല്ലാര്‍കുട്ടി, ഇരട്ടയാര്‍, കണ്ടള ഡാമുകളിലും പത്തനംതിട്ടയിലെ മൂഴിയാര്‍ ഡാമിലുമാണ് റെഡ് അലേര്‍ട്ട്. ഇടുക്കി അണക്കെട്ടില്‍ ആദ്യ ജാഗ്രത നിര്‍ദ്ദേശമായ ബ്ലൂ അലേര്‍ട്ട് പരിധിയിലും മുകളിലാണ് ജലനിരപ്പ്. മുല്ലപ്പെരിയാറില്‍ നിലവിലെ റൂള്‍ കര്‍വ് പരിധിയായ 137.5 അടിയിലേക്ക് ജലനിരപ്പ് ഉയരുന്നു.
ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളില്‍ മഴ കനത്തതോടെ നീരൊഴുക്കും വര്‍ദ്ധിച്ചിട്ടുണ്ട്. തമിഴ്‌നാട് 1800 ഘനയടി വെള്ളമാണ് കൊണ്ടുപോകുന്നത്. ഇടുക്കിയില്‍ മലങ്കര ഉള്‍പ്പെടെയുള്ള 5 ചെറു ഡാമുകളുടെ ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.പറമ്പിക്കുളത്തു നിന്നുള്ള വെള്ളത്തിന്റെ അളവ് കൂടിയ സാഹചര്യത്തിലാണ് പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റ് തുറന്നത്.
ചാലക്കുടിപ്പുഴയുടെ തീരത്ത് വെള്ളം കയറാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറണമെന്നും നിര്‍ദ്ദേശമുണ്ട്. പീച്ചി ഡാമിന്റെ ഷട്ടറുകളും തുറന്നിരിക്കുകയാണ്.മഴ തുടരുന്ന സാഹചര്യത്തില്‍ ചിമ്മിനി ഡാമിന്റെ ഷട്ടറുകളും കൂടുതല്‍ ഉയര്‍ത്തും. നിലവില്‍ കുറുമാലിപ്പുഴയിലെ ജലനിരപ്പ് വാണിംഗ് ലെവലിന് മുകളിലാണ്. ഡാമിന്റെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തുന്നതോടെ ജലനിരപ്പ് അപകടരമായ നിലയിലേക്ക് ഉയരാന്‍ സാധ്യതയുണ്ട്. പാലക്കാട് പോത്തുണ്ടി ഡാമിന്റെ ഷട്ടറുകള്‍ 33 സെ.മീറ്ററില്‍ നിന്ന് 40 സെ.മീറ്ററായി ഉയര്‍ത്തി. തിരുവനന്തപുരം അരുവിക്കര ഡാമിന്റെ ഷട്ടറും ഉയര്‍ത്തിയിരിക്കുകയാണ്.