അഴിമതിക്കേസിൽപശ്ചിമ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയെ മുഖ്യമന്ത്രി മമതാ ബാനർജി മന്ത്രിസഭയിൽ നിന്ന് പുറത്താക്കി. അധ്യാപക നിയമന അഴിമതി കേസില്‍ ഇഡി മന്ത്രിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി. അഴിമതികേസില്‍ പാര്‍ത്ഥയെയും സുഹൃത്ത് അര്‍പിതയെയും ഇഡി അറസ്റ്റ് ചെയ്തിരുന്നു. അര്‍പിതയുടെ വസതികളില്‍ നിന്ന് 50 കോടി രൂപയാണ് ഇഡി പിടിച്ചെടുത്തത്.
മന്ത്രിയുടെ സുഹൃത്തിന്‍റെ വീട്ടിൽ നിന്ന് പണം പിടിച്ചെടുത്ത സംഭവത്തിൽ പശ്ചിമ ബംഗാൾ മുഖ്യമന്ത്രിക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. ബംഗാളിൽ നടക്കുന്ന അഴിമതികളിൽ മമതാ ബാനർജി എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്നായിരുന്നു ബിജെപിയുടെ ചോദ്യം. തൃണമൂലിന്‍റെ അഴിമതിക്കഥകൾ ഒരോന്നായി പുറത്ത് വരികയാണ്. പാർത്ഥ ചാറ്റർജിയെ മന്ത്രിസഭയിൽ നിന്ന് നീക്കാൻ മമത തയ്യാറാകണമെന്നും ബിജെപി ആവശ്യപ്പെട്ടിരുന്നു.
ഇഡി കസ്റ്റഡിയിലുള്ള അര്‍പിത മുഖർജി ചോദ്യം ചെയ്യലിനിടെയാണ് ധനശേഖരത്തെ കുറിച്ച് വെളിപ്പെടുത്തിയത്. മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിയുമായി പണമിടപാട് നടന്നുവെന്ന് അര്‍പിത സമ്മതിച്ചതായും ഇഡി വ്യക്തമാക്കി.