കേന്ദ്രാനുമതി കിട്ടിയാലേ സിൽവർ ലൈൻ പദ്ധതിയുമായി മുന്നോട്ട് പോകൂവെന്നും അനുമതി തരാൻ കേന്ദ്രം ബാധ്യസ്ഥരാണെന്നും മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ അഭിമാന പദ്ധതിയായ സിൽവർ ലൈനിനെ തള്ളി കേന്ദ്രം രംഗത്തെത്തിയിരുന്നു, കേരള ഹൈക്കോടതിയിൽ കേന്ദ്ര റെയിൽവെ മന്ത്രാലയത്തിന് വേണ്ടി സമർപ്പിച്ച മറുപടിയിലാണ് അസിസ്റ്റന്റ് സോളിസിറ്റർ ജനറൽ പദ്ധതിക്കെതിരായ കേന്ദ്ര സർക്കാർ നിലപാട് വിശദീകരിച്ചത്.സിൽവർ ലൈനിന് അനുമതിയില്ലെന്നും സർവേ നടത്താൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്തം കെ റെയിലിന് മാത്രമായിരിക്കും എന്നുമാണ് കേന്ദ്രം ഹൈക്കോടതിയിൽ അറിയിച്ച നിലപാടിൽ വ്യക്തമാക്കുന്നത്.
സിൽവർ ലൈൻ പദ്ധതിക്കായി സംസ്ഥാന സർക്കാർ നടത്തുന്ന സർവ്വേക്ക് കെ റെയിൽ കോർപ്പറേഷൻ പണം ചെലവാക്കിയാൽ ഉത്തരവാദിത്തം കെ റെയിലിനു മാത്രമെന്ന് റെയിൽവേ മന്ത്രാലയം വ്യക്തമാക്കുന്നുണ്ട്. റെയിൽവേ മന്ത്രാലയം അനുമതി നൽകാത്ത സിൽവർ ലൈൻ പദ്ധതിക്കായി സാമൂഹികാഘാതപഠനവും സർവ്വേയും നടത്തുന്നത് അപക്വമായ നടപടിയാണെന്നും റെയിൽവേക്ക് വേണ്ടി സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.