ഗുരുവായൂരില്‍ തെരുവ് നായയുടെ ശരീരത്തില്‍ നിന്ന് വെടിയുണ്ട കണ്ടെത്തിയ സംഭവത്തില്‍ എന്‍.ഐ.എക്ക് പരാതി നല്‍കും.പെരുന്തട്ട ക്ഷേത്രത്തിന് മുന്നില്‍ വാഹനമിടിച്ച് ശരീരം തളര്‍ന്ന തെരുവ് നായയുടെ കാലിലാണ് വെടിയുണ്ട കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടാണ് തെരുവ് നായയെ വാഹനം ഇടിച്ചത്.
റോഡില്‍ നിന്ന് ഇഴഞ്ഞ് പെരുന്തട്ട ക്ഷേത്രനടപ്പുരയിലെത്തി മരണത്തോട് മല്ലിടുന്ന നായയെ മൃഗസ്‌നേഹിയായ പ്രദീപ് പയ്യൂര്‍ ഏറ്റെടുക്കുകയായിരുന്നു. പ്രദീപ് മൂന്ന് നായ്ക്കളെയാണ് വ്യാഴാഴ്ച തെരുവില്‍ നിന്ന് രക്ഷപ്പെടുത്തിയത്. ഇതില്‍ പാലക്കാട് നിന്ന് കണ്ടെത്തിയ നായയുടെ ശരീരത്തിലും വെടിയുണ്ട ഉണ്ടായിരുന്നതായി പ്രദീപ് പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളിലായി ആലപ്പുഴ, കരുനാഗപ്പള്ളി എന്നിവിടങ്ങളിലും തെരുവ് നായ്ക്കളില്‍ വെടിയുണ്ട കണ്ടെത്തിയതായി പരാതിയുണ്ട്.വോക്കിംഗ് ഐ ഫൗണ്ടേഷന്‍ ഫോര്‍ അനിമല്‍ അഡ്വക്കസി എന്ന സംഘടനാ സ്ഥാപകന്‍ വിവേക് കെ. വിശ്വനാഥനാണ് ഇത് സംബന്ധിച്ച് ആലപ്പുഴ കരിയിലകുളങ്ങര പൊലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. പൊലീസ് നടപടിയില്‍ തൃപ്തിയില്ലാത്തതിനാല്‍ എന്‍.ഐ.എക്ക് പരാതി നല്‍കുമെന്നും വിവേക് പറഞ്ഞു. നായ്ക്കളില്‍ കണ്ടെത്തിയ ഉണ്ടകളെല്ലാം എയര്‍ഗണ്ണിന്റേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. തീവ്രവാദ പരിശീലനത്തിന്റെ ഭാഗമാണോ സംഭവത്തിന് പിന്നിലെന്ന് സംശയമുണ്ടെന്ന് പരാതിയില്‍ പരമര്‍ശിക്കുന്നു.