അധ്യാപക നിയമന അഴിമതി കേസില്‍ അറസ്റ്റിലായ പാർത്ഥ ചാറ്റർജിയെ ആർമി ആശുപത്രിയിലേക്ക് മാറ്റണമെന്നാവശ്യം കൊൽക്കത്ത ഹൈക്കോടതിയിൽ ഉന്നയിച്ചു. സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ സംശയം പ്രകടിപ്പിച്ചാണ് ഇഡിയുടെ നീക്കം.ശാരീരിക അസ്വസ്ഥതകളെ തുടർന്നാണ് പാർത്ഥ ചാറ്റർജി ചികിത്സ തേടിയത്. ഇതോടെ ചോദ്യം ചെയ്യലും നീളുന്ന അവസ്ഥയാണ്.
രണ്ട് ദിവസമാണ് ചോദ്യം ചെയ്യലിനായി കോടതി ഇഡിക്ക് സമയം അനുവദിച്ചിരിക്കുന്നത്. മന്ത്രി പാർത്ഥ ചാറ്റർജിയുടെ സഹായി അർപിത ചാറ്റർജിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത രേഖയിൽ മന്ത്രിയുടെ പങ്ക് വ്യക്തമാക്കുന്ന രേഖകൾ ഉണ്ടെന്നാണ് ഇഡിയുടെ വാദം.
അതേ സമയം രാഷ്ട്രീയ പ്രേരിത നീക്കമെന്നാണ് തൃണമൂൽ കോൺഗ്രസ് ആവർത്തിക്കുന്നത്.
അടുത്ത അനുയായിയായ അർപ്പിത മുഖർജിയുടെ വസതിയിൽ നിന്ന് 20 കോടി രൂപയുടെ നോട്ടുകൾ കണ്ടെടുത്തതായിരുന്നു പാർത്ഥ ചാറ്റർജിക്ക് കുരുക്കായത്. ഇതിന് പിന്നാലെയാണ് വീട്ടിൽ ഇഡി റെയ്ഡ് നടത്തിയതും പാർത്ഥയെ അറസ്റ്റ് ചെയ്തതും.
കഴിഞ്ഞ ദിവസം നടത്തിയ തിരച്ചിലിലാണ് അർപ്പിതയുടെ വീട്ടിൽ നിന്ന് 20 കോടി രൂപ കണ്ടെടുത്തത്.