വയനാട്ടിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിൽ മുൻകരുതൽ നടപടികൾ കർശനമാക്കുന്നു. സംസ്ഥാനത്ത് ആദ്യമായാണ് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിക്കുന്നത്. മാനന്തവാടി മുനിസിപാലിറ്റി, തവിഞ്ഞാൽ പഞ്ചായത്ത് എന്നിവിടങ്ങളിലെ സ്വകാര്യ ഫാമുകളിലാണ് ഭോപ്പാലിലെ ലാബിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ചത്.രണ്ട് ഫാമുകൾക്കും ഒരു കിലോമീറ്റര്‍ പരിധിയിലുള്ള പന്നികളെ കൊന്നൊടുക്കും. പത്ത് കിലോമീറ്റര്‍ പരിധി രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ചു. രോഗ വാഹകരാകാന്‍ സാധ്യതയുള്ളതിനാല്‍ പന്നിഫാമുകളില്‍ പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കരുതെന്നും നിർദേശമുണ്ട്.
തവിഞ്ഞാൽ പഞ്ചായത്ത് പരിധിയിലെ ഫാമിലും മാനന്തവാടി നഗരസഭയിലെ കണിയാരം കുറ്റിയാ വയലിലെ പന്നിഫാമിലും പന്നികൾ ചത്തത് ആഫ്രിക്കൻ പന്നിപനിമൂലമാണെന്നാണ് സ്ഥീരീകരണം. ഭോപ്പാലിലെ അനിമല്‍ ഡിസീസ് ലാബിലെ സാംപിള്‍ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. മനുഷ്യരിലേക്കോ മൃഗങ്ങളിലേക്കോ വൈറസ് വ്യാപനം ഉണ്ടാവില്ലെന്നാണ് അധികൃതരുടെ വിശദീകരണമെങ്കിലും ജാഗ്രത കൈവിടാതെ മുൻകരുതലുകൾ സ്വീകരിക്കാനാണ് ശ്രമം.
തവിഞ്ഞാലിലെ ഫാമിലുള്ള മുന്നൂറോളം പന്നികളെയും കൊല്ലേണ്ടി വരും. കൊന്നൊടുക്കുന്ന പന്നികളെ കൃത്യമായ മാനദണ്ഡങ്ങൾ പാലിച്ച് സംസ്കരിക്കും. ഇതിനായി ഡോക്ടർമാർ അടങ്ങിയ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ജനവാസമില്ലാത്ത സ്ഥലത്ത് ആഴത്തില്‍ കുഴിയെടുത്ത് മൂടുകയോ കത്തിക്കുകയോ ആണ് ചെയ്യുക.
രോഗ വ്യാപനം നിയന്ത്രിക്കുന്നതിനായുള്ള നടപടികൾ സ്വീകരിക്കാൻ മൃഗസംരക്ഷണ വകുപ്പ് ഇന്നലെ തന്നെ നടപടികള്‍ തുടങ്ങിയിരുന്നു. ഇതിനായി തിരുവനന്തപുരത്തു നിന്നു ചീഫ് ഡിസീസ് ഇന്‍വെസ്റ്റിഗേറ്റിംഗ് ഓഫീസര്‍ ഡോ.മിനി ജോസ് മാനന്തവാടിയില്‍ എത്തി. ജില്ലയിലെ എല്ലാ പന്നി ഫാമുകളിലും നിരീക്ഷണം കർശനമാക്കാനും ഫാമുകൾ അണുവിമുക്തമാക്കാനും മൃഗസംരക്ഷണ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ പന്നിഫാമുകൾക്കും ജാഗ്രത നിർദേശവും നൽകിയിട്ടുണ്ട്.