നന്ദിഗ്രാമിലെ തിരിച്ചടിയിൽ നിന്നും കേരള സിപിഎം പാഠം പഠിക്കുന്നില്ലെന്ന് ഫോർവേഡ് ബ്ളാക്ക് ദേശീയ സെക്രട്ടറി ജി.ദേവരാജൻ. കേരളത്തിന് പ്രയോജനകരമല്ലാത്ത കെ-റെയിൽ പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഫോർവേഡ് ബ്ലോക്ക് കൊല്ലം ജില്ലാ കമ്മിറ്റി നടത്തിയ കളക്ടേറ്റ് മാർച്ച് ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജനങ്ങളെ മറന്ന വികസന കാഴ്ചപ്പാടായിരുന്നു നന്ദീഗ്രാമിലേത്. കുടിയൊഴിപ്പിക്കപ്പെട്ടവരുടെയും കർഷകരുടേയും ജനരോഷം ഒരു ഗവർൺമെന്റിനെ മാത്രമല്ല ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ അടിത്തറ തന്നെ തകർത്തു. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയ്ക്കും പരിസ്ഥിതിയ്ക്കും ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന കെ – റെയിൽ പദ്ധതിയ്ക്കതിരായി കേരളത്തിലും നന്ദീഗ്രാം മാതൃകയിൽ ജനരോഷം വളരുകയാണ്. അലൈൻമെന്റും വിശദ പദ്ധതി റിപ്പോർട്ടും പാരിസ്ഥിതിക ആഘാത പഠനവും പൂർത്തിയാക്കുന്നതിന് മുമ്പ് ഭൂമി ഏറ്റെടുക്കുവാനുള്ള സർക്കാർ നീക്കത്തിന് പിന്നിൽ റിയൽ എസ്റ്റേറ്റ് താത്പര്യങ്ങളാണെന്നും ദേവരാജൻ കുറ്റപ്പെടുത്തി.
ഫോർവേഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി പ്രകാശ് മൈനാഗപ്പള്ളി അദ്ധ്യക്ഷത വഹിച്ചു.കേന്ദ്ര കമ്മിറ്റിയംഗം അഡ്വ.ടി. മനോജ് കുമാർ, കെ – റെയിൽ സിൽവർ ലൈൻ വിരുദ്ധ ജനകീയ സമിതി ജില്ലാ വൈസ് പ്രസിഡണ്ട് പി പി പ്രശാന്ത് കുമാർ, ഫോർവേഡ് ബ്ലോക്ക് അസിസ്റ്റന്റ് സെക്രട്ടറി സ്റ്റാലിൻ പാരിപ്പള്ളി എന്നിവർ സംസാരിച്ചു. ടി യു സി സി ജില്ലാ സെക്രട്ടറി അജിത് കുരീപ്പുഴ, അഗ്രഗാമി മഹിളാ സമിതി ജില്ലാ സെക്രട്ടറി സി.സൂര്യകല, ആൾ ഇന്ത്യാ യൂത്ത് ലീഗ് ജില്ലാ സെക്രട്ടറി ബിജു നീണ്ടകര, അഗ്രഗാമി കിസാൻ സഭ ജില്ലാ സെക്രട്ടറി കുറ്റിയിൽ ഷംസുദ്ദീൻ, മണ്ഡലം സെക്രട്ടറിമാരായ നളിനാക്ഷൻ, ഷറഫുദ്ദീൻ മണക്കാട്, എസ് എസ് നൗഫൽ, ജി രാജു , നസിം കോടംവിള,പത്തനാപുരം രാജുകുട്ടി, വെളിയം ഗാനപ്രിയൻ, കിളികൊല്ലൂർ രംഗനാഥ്, ഉണ്ണി കരുനാഗപ്പള്ളി, ആനേഴത്ത് മുക്ക് ശെൽവൻ എന്നിവർ മാർച്ചിന് നേതൃത്വം നൽകി.