കോന്നിയില്‍ ബിജെപിയും സിപിഎമ്മും ധാരണയുണ്ടെന്നും പകരം ആറന്‍മുളയിലും ചെങ്ങന്നൂരും സിപിഎമ്മിന് ബിജെപി വോട്ട് മറിക്കുമെന്നുമുള്ള ബാലശങ്കറിന്റെ വെളിപ്പെടുത്തലിന് തൊട്ട് പിന്നാലെ കോലീബി സഖ്യം പാര്‍ട്ടി പരീക്ഷിച്ചിട്ടുണ്ടെന്ന തുറന്നു പറച്ചില്‍ നടത്തി സീനിയര്‍ നേതാവ് ഒ.രാജഗോപാല്‍. കേന്ദ്ര നേതൃത്വത്തിന്റെ അറിവോടെയായിരുന്നു കേരളത്തിലെ ബിജെപി ഘടകം ഇത്തരം അഡ്ജസ്റ്റുമെന്റുകള്‍ നടത്തിയതെന്നും തദ്ദേശ തെരഞ്ഞെടുപ്പുകളില്‍ ഇത് പരീക്ഷിച്ചിട്ടുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.
മാത്രമല്ല , കെ.മുരളീധരന്‍ ശക്തനാണെന്ന് രാജോഗോപാല്‍ പറഞ്ഞുവെച്ചതും കുമ്മനം രാജശേഖരന്‍ അടക്കം ഉള്ള ബിജെപിയിലെ മുതിര്‍ന്ന നേതാക്കളെ അസ്വസ്ഥരാക്കിയിരിക്കുകയാണ്. ഒ.രാജോഗോപാല്‍ എം.എല്‍.എ യുടെ വെളിപ്പെടുത്തല്‍ കൂടി എത്തിയതോടെ ഇരട്ട കുരുക്കില്‍ ശ്വാസം നിലച്ച മട്ടിലാണ് കേരളത്തിലെ ബിജെപി പ്രവര്‍ത്തകര്‍. ബാലശങ്കറിന്റെ ആരോപണത്തെ സീറ്റ് കിട്ടാത്തതിലുള്ള വൈകാരികതയെന്ന് പുച്ഛിച്ച് തള്ളിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് രാജഗോപാലിന്റെ വെളിപ്പെടുത്തലിനോട് പ്രതികരിക്കാനാവാത്ത അവസ്ഥയാണ്. അതേ സമയം , ബിജെപി നേതാക്കളുടെ പ്രസ്താവനയെ പ്രചരണ തന്ത്രമാക്കി വാക് പോര് നടത്താനുള്ള തയ്യാറെടുപ്പിലാണ് എല്‍ഡിഎഫും യുഡിഎഫും.