ആവശ്യമുള്ളപ്പോൾ മാത്രം മന്നത്ത് പത്മനാഭൻ നവോത്ഥാന നായകൻ. അല്ലാത്തപ്പോൾ അവഗണനയും. ഇടതുസർക്കാർനെ പറ്റിയുള്ള എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായരുടെതാണ് ഈ അഭിപ്രായം.
ഇത് ഇടത് സർക്കാരിൻറെ ഇരട്ടത്താപ്പ് നയമാണ്. ഇക്കാര്യം നായർ സർവീസ് സൊസൈറ്റിയും മന്നത്തിൻറെ ആരാധകരും തിരിച്ചറിഞ്ഞ കാര്യമാണെന്ന് സുകുമാരൻ നായർ പറഞ്ഞു. ഇതിൻറെ പിന്നിലെ രാഷ്ട്രീയം വ്യക്തമാണ്. ഗുരുവായൂർ സത്യാഗ്രഹ സമര സ്മാരകം നിർമ്മിച്ച് 2018 മേയ് എട്ടിന് ഉദ്ഘാടനം ചെയ്തപ്പോൾ മന്നത്ത് പത്മനാഭനെ ഓർമ്മിക്കാനോ സ്മാരകത്തിൽ പേര് ചേർക്കാനോ സർക്കാർ തയ്യാറായില്ല.
എല്ലാ ദുരാചാരങ്ങളെയും മുന്നിൽനിന്നും എതിർത്തയാളാണ് മന്നത്ത് പത്മനാഭൻ. ഇത് വിസ്മരിക്കുന്നെങ്കിൽ വ്യക്തമായ അജണ്ടയുടെ പിൻബലത്തിലാണ്. എൻഎസ്എസ് പടുത്തുയർത്തിയത് നായർ സമുദായത്തിന്റെ ഉന്നമനത്തിനാണ്. എന്നാൽ, നാനാജാതിമതസ്ഥർ സമുദായത്തിന്റെ പേരിലുള്ള മിക്ക സ്ഥാപനങ്ങളിലും പ്രത്യേകിച്ചും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രവർത്തിച്ചും പഠനം നടത്തിയും വരുന്നതായും സുകുമാരൻ നായർ പറഞ്ഞു.
മന്നത്തിനോടുള്ള അവഗണനയ്ക്ക് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കഴിഞ്ഞ ദിവസം ദേശാഭിമാനിയിൽ വന്ന ലേഖനമെന്നും അദ്ദേഹം വ്യക്തമാക്കി.