കനത്ത ചൂടിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ചൂടിലാണ് കേരളം. ഈ തെരഞ്ഞെടുപ്പില്‍ ഏത് മുന്നണി ശക്തമായ മുന്നേറ്റം കാഴ്ചവെയ്ക്കുമെന്നതാണ് ജനങ്ങള്‍ ഉറ്റ് നോക്കുന്നത്. സീറ്റുകള്‍ എത്ര പിടിക്കുമെന്ന് ഒരു മുന്നണിക്കും പറയാനാവാത്ത വിധമുള്ള രാഷ്ട്രീയ സ്ഥിതിഗതികളാണ് നിലവില്‍ കേരളത്തില്‍. എല്‍ഡിഎഫും യുഡിഎഫും ഇക്കാര്യത്തില്‍ കടുത്ത മൗനം തുടരുകയാണ്. ബിജെപിയാകട്ടെ നേമം മാത്രം ലക്ഷ്യം വെച്ച് പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. നേമത്തില്‍ വിജയം അനായാസമാണെന്നിരിക്കെ മറ്റെങ്ങും വിജയപ്രതീക്ഷ നിലനിര്‍ത്തി ചുവടുകള്‍ ഉറപ്പിക്കാന്‍ ബിജെപി ഒരുക്കമല്ല. എന്നാല്‍ കേരളത്തില്‍ ഇലക്ഷനു മുമ്പ് തന്നെ യുഡിഎഫ-് ബിജെപി സഖ്യം രൂപം കൊണ്ടെന്നതാണ് എല്‍ഡിഎഫ് ഉന്നയിക്കുന്ന ആക്ഷേപം. ഇരുമുന്നണിയുടെയും ഈ രഹസ്യ കൈ കോര്‍പ്പിനെ ഇടതുപക്ഷം ചില്ലറ ഒന്നുമല്ല ഭയക്കുന്നത്. സഖ്യം തലവേദനയാണെന്ന് കണക്കാക്കി എങ്ങനേയും ഈ സഖ്യത്തെ പൊളിക്കാനാണ് സിപിഎം ലക്ഷ്യം വെയ്ക്കുന്നത്.
കേരളത്തിലെ മതന്യൂനപക്ഷങ്ങള്‍ അതായത് രണ്ട് ന്യൂനപക്ഷങ്ങള്‍ ഒന്നിച്ച് നിന്ന് യുഡിഎഫിന് വോട്ട് ചെയ്താല്‍ ഇക്കുറി ഒരു രണ്ടാം വരവ് അസാധ്യമാകുമെന്നാണ് പിണറായി വിജയനും സിപിഎം ഒരു പോലെ ചിന്തിക്കുന്നത്. അതുകൊണ്ട് തന്നെ മതന്യൂനപക്ഷങ്ങളുടെ വോട്ട് മറിക്കല്‍ തന്നെയാണ് സിപിഎമ്മിന്റെ പ്രധാന ലക്ഷ്യവും . ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തേക്കാളേറെ മധുരവും പുളിപ്പും ഇക്കുറി നിയമസഭാ ഇലക്ഷനുണ്ടാവുമെന്ന തിരിച്ചറിയലാണ് മതന്യൂനപക്ഷങ്ങളെ ഒപ്പം നിര്‍ത്താന്‍ സിപിഎമ്മിനെ പ്രേരിപ്പിക്കുന്നത്.
അതുകൊണ്ട് തന്നെ ക്രൈസ്തവരും മുസ്ലീങ്ങളും ഇക്കുറിയും ഒരേ നിലപാടെടുക്കരുതെന്ന് സിപിഎം വാശിപിടിക്കുന്നുണ്ട്. അത് ഗുണത്തേക്കാളേറെ തങ്ങള്‍ക്ക് ദോഷം ചെയ്യുമെന്നാണ് പാര്‍ട്ടി കാണുന്നത്. ഭൂരിപക്ഷ സമുദായത്തിന്റെ പിന്തുണ അല്‍പ്പമെങ്കിലും തങ്ങള്‍ക്കൊപ്പം ഉണ്ടെങ്കിലും മതന്യൂനപക്ഷങ്ങളെ അകറ്റിയാല്‍ ഈ തെരഞ്ഞെടുപ്പില്‍ പണി കിട്ടുമെന്ന് എല്‍ഡിഎഫ് ഭയക്കുന്നു. അതുകൊണ്ട് തന്നെ , പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ഹിന്ദുക്കളെയും ക്രൈസ്തവരെയും ഒപ്പം മുസ്ലീം സമുദായത്തെയും കൂടെ നിര്‍ത്തി തെരഞ്ഞെടുപ്പിനെ നേരിടാനാവും സിപിഎം ശ്രമിക്കുക.