കരിപ്പുർ വിമാനത്താവളത്തിലെ നാല് കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സൂപ്രണ്ട് ഗണപതി പോറ്റി, ഇൻസ്പെക്ടർമാരായ നരേഷ്, യോഗേഷ്, ഹെഡ് ഹവിൽദാർ ഫ്രാൻസിസ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. സിബിഐ റെയ്ഡിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി.
റെയ്ഡിനിടെ സിബിഐ സംഘം കസ്റ്റംസ് ഡ്യൂട്ടി ഓഫീസറിൽ നിന്ന് 650 ഗ്രാം സ്വർണം പിടികൂടിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥരിൽ നിന്നായി മൂന്നര ലക്ഷം രൂപയും കണ്ടെത്തി. കൂടാതെ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ യാത്രക്കാരിൽ നിന്നും സിബിഐ 750 ഗ്രാം സ്വർണം പിടികൂടി. സ്വർണം പിടികൂടിയ യാത്രക്കാരുടെ പാസ്പോർട്ട് വാങ്ങി വച്ചശേഷം സിബിഐ വിട്ടയച്ചു.
കരിപ്പുർ വിമാനത്താവളത്തിൽ ചൊവ്വാഴ്ച പുലർച്ചെ ആരംഭിച്ച സിബിഐ റെയ്ഡ് ബുധനാഴ്ച പുലർച്ചെയാണ് അവസാനിച്ചത്. ഒരാഴ്ച്ചയായി കസ്റ്റംസ് ഉദ്യോഗസ്ഥർ സിബിഐയുടെ നിരീക്ഷണത്തിലായിരുന്നു .






















