കമ്പനിയില്‍ ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം വാങ്ങി കബളിപ്പിച്ചതായ പരാതിയില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന നിര്‍മല്‍ ഇന്‍ഫോപാര്‍ക്ക് എന്ന കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ഡോ. സ്റ്റീഫന്‍ പുതുമന, ചീഫ് ഫിനാന്‍സ് ഓഫീസര്‍ ടി. സുനില്‍കുമാര്‍ എന്നിവര്‍ക്ക് പുറമേ കമ്പനിയിലെ മറ്റ് ഡയറക്ടര്‍മാര്‍ക്കുമെതിരെ പോലീസ് കേസെടുത്തു. ബംഗലൂരു ആസ്ഥാനമായ ഐഎസ്ഡിസി പ്രോജക്ട്‌സ് എന്ന സ്ഥാപനം നല്‍കിയ പരാതിയില്‍ കാക്കനാട് ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് പ്രകാരം ഇന്‍ഫോപാര്‍ക്ക് പോലീസാണ് ഐപിസി 420, 465, 468, 471, 406, 34 വകുപ്പുകള്‍ പ്രകാരം കേസെടുത്തത്.
നിര്‍മല്‍ ഇന്‍ഫോപാര്‍ക്ക് എംഡി ഡോ. സ്റ്റീഫന്‍ പുതുമന കമ്പനിയുടെ ഓഹരികള്‍ തങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുകയും തുടര്‍ന്ന് കമ്പനിയുടെ ചീഫ് ഫിനാന്‍സ് ഓഫീസറായ ടി. സുനില്‍കുമാറിന്റെ നിര്‍ദ്ദേശം അനുസരിച്ച് 2018, 2019 വര്‍ഷങ്ങളില്‍ നാല് തവണകളിലായി രണ്ട് കോടി മുപ്പത്തിയേഴ് ലക്ഷത്തിലധികം രൂപ കമ്പനിയുടെ അക്കൗണ്ടിലേക്ക് മാറ്റിയതായും പരാതികാര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചു. 2019 സെപ്തംബറില്‍ നിര്‍മല്‍ ഇന്‍ഫോപാര്‍ക്ക് അനുവദിച്ച ഓഹരികള്‍ക്കുള്ള ഓഹരിപത്രം ഡോ. സ്റ്റീഫന്‍ പുതുമന പരാതിക്കാരായ ഐഎസ്ഡിസി എന്ന സ്ഥാപനത്തിന് നല്‍കിയെങ്കിലും അതില്‍ രേഖപ്പെടുത്തിയിരുന്ന തീയതിയില്‍ കണ്ടെത്തിയ പിശക് തിരുത്തുന്നതിനും പുതിയ ഓഹരി നല്‍കിയത് കമ്പനി രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുമായി ഓഹരിപത്രം തിരികെ കൈവശപ്പെടുത്തിയെന്നും നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഓഹരിപത്രം നല്‍കാന്‍ തയ്യാറായിട്ടില്ലെന്നും പരാതിക്കാര്‍ കോടതിയില്‍ ബോധിപ്പിച്ചു.
ഓഹരിക്കായി സ്വീകരിച്ച തുക കണക്കുകളില്‍ മൂലധനമായി കാണിക്കാതെയും ഓഹരിപത്രം തങ്ങള്‍ക്ക് കൈമാറാതെയും അനധികൃതമായി ധനസമ്പാദനം ലക്ഷ്യമാക്കി നിര്‍മല്‍ ഇന്‍ഫോപാര്‍ക്ക് ബോധപൂര്‍വം തങ്ങളെ കബളിപ്പിച്ചതായും ഐഎസ്ഡിസി പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതികള്‍ക്കെതിരെ നടപടി കൈകൊള്ളുന്നതിന് സിആര്‍പിസി വകുപ്പ് 156 (3) പ്രകാരം കോടതി ഇന്‍ഫോപാര്‍ക്ക് പോലീസിന് നിര്‍ദ്ദേശം നല്‍കിയത്.