കൊല്ലം കെഎസ്ആർടിസി ബസ്റ്റാൻഡിന് മുന്നിൽ അഷ്ടമുടിക്കായലിൽ വൻതോതിൽ മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നത് നിർബാധം തുടരുകയാണ്. കായൽ ജലം പോലും കടുത്ത നിറവ്യത്യാസം ആയതിനാൽ അസഹ്യമായ ദുർഗന്ധമാണ് പരിസരമാകെയുള്ളത്.
പൊതുവേ അഷ്ടമുടിക്കായൽ മാലിന്യ നിക്ഷേപത്താൽ വ്യാപൃതമാണ്.
61,400 ഹെക്ടർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന അഷ്ടമുടിക്കായൽ എല്ലാ അർത്ഥത്തിലും നാശം നേരിടുകയാണ്.
കായലിന്റെ ഏത് ഭാഗത്തെ ഓരത്തിൽ നിന്നാലും വെള്ളത്തിൽ നിന്നും ദുർഗന്ധമാണ് അനുഭവപ്പെടുന്നത്. ഇത് സൂചിപ്പിക്കുന്നത് അഷ്ടമുടിക്കായലിന്റെ നാശത്തെയാണ്.
ഇപ്പോൾ കായലിന്റെ ആവാസവ്യവസ്ഥയെ പോലും ബാധിച്ചിരിക്കുകയാണ്.
കോളിഫോമിന്റെ അളവും ക്രമാതീതമായി വർദ്ധിച്ചു.
കായലിലെ മാലിന്യം മത്സ്യ സമ്പത്തിനെ പ്രതികൂലമായി ബാധിച്ചിരിക്കുകയാണ്.
പല മത്സ്യങ്ങളും വംശനാശം വരെ നേരിട്ടു കഴിഞ്ഞു. കായലിന് ചുറ്റുമുള്ള ഏകദേശം 2000 ത്തിനു മുകളിലുള്ള വീടുകളുടെ കക്കൂസ് മാലിന്യങ്ങൾ ഔട്ട്ലെറ്റുകളുടെ എത്തുന്നത് അഷ്ടമുടിക്കായലിലാണ്.
കൂടാതെ, കായൽ കയ്യേറ്റവും നടക്കുന്നതിനാൽ വിസ്തൃതിയും കുറഞ്ഞുവരുന്നു.
പ്രസിഡൻഷ്യൽ വള്ളംകളി ആരംഭിച്ചതോടെ വർഷാവർഷങ്ങളിൽ മത്സരവള്ളങ്ങൾ തുടങ്ങുന്ന ഭാഗം മുതൽ അവസാനിക്കുന്നയിടം വരെ വൃത്തിയാക്കുമായിരുന്നു.
എന്നാൽ, അത് കഴിഞ്ഞാൽ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഈ ഭാഗം വീണ്ടും മലീമസമാകും.
പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പുറമെ, നഗരത്തിലെ ഖര, ജൈവ മാലിന്യങ്ങൾ അടിഞ്ഞു കൂടുന്നത് പതിവ് കാഴ്ചയാണ്. ഹോട്ടൽ, ആശുപത്രി, കെഎസ്ആർടിസി ബസ് സ്റ്റേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ ഓടകളിൽ വഴി ഒഴുകി പതിക്കുന്നത് ഈ കായലിലാണ്.
കൂടാതെ നേരിട്ടും മാലിന്യം എത്തുന്നു. ഇവിടെയുള്ള കണ്ടൽകാടിന് ചുറ്റും മാലിന്യക്കൂമ്പാരത്തിൽ നിബിഡമാണ്.
നഗരത്തിലെ അറവ് മാടുകളുടെ അവശിഷ്ടങ്ങൾ തള്ളുന്നത് അഷ്ടമുടി കായലിലാണ്. പഠനത്തിൽ കായൽ ജലത്തിൽ ലവണാംശം ക്രമാതീതമായി വർദ്ധിച്ചതായാണ് കണക്ക്.
ഏതായാലും കായലിന്റെ അവസ്ഥ ഇങ്ങനെ തുടർന്നാൽ നിലവിലുള്ള മത്സ്യസമ്പത്തുകളും മറ്റും വംശനാശം നേരിടുമെന്നതിൽ ഒരു സംശയവും വേണ്ട!