മത്സ്യവിപണയില്‍ ന്യായവില ഉറപ്പാക്കുമെന്ന് മന്ത്രി ജെ മെഴ്സിക്കുട്ടിയമ്മ. അനിയന്ത്രിത വിലവര്‍ധന അനുവദിക്കില്ലെന്നും മന്ത്രി പറഞ്ഞു. തങ്കശ്ശേരി മത്സ്യബന്ധന തുറമുഖത്ത് സ്ഥാപിച്ച റീഫര്‍ കണ്ടയ്നര്‍ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. ലഭ്യതയ്ക്ക് അനുസരിച്ച് വിലകൂട്ടുന്നതും കുറയ്ക്കുന്നതും സാധാരണക്കാര്‍ക്ക് വളരെയേറെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട്. സ്ഥിരമായ ന്യായവില നിശ്ചയിക്കപ്പെട്ടാല്‍ വിപണി നിയന്ത്രണവും തൊഴിലാളികളുടെ ക്ഷേമവും ഉറപ്പാക്കാനാവും. വിഷയത്തില്‍ മത്സ്യസഹകരണ സംഘങ്ങളുടെ സഹകരണം ഉറപ്പുവരുത്തും. അധികം വരുന്ന മത്സ്യങ്ങള്‍, മത്സ്യഫെഡ് മുഖേന വാങ്ങി സംഭരിക്കും. ഇത്തരത്തില്‍ ശേഖരിക്കുന്ന മത്സ്യങ്ങള്‍ കേടുകൂടാതെ സൂക്ഷിക്കുന്നതിന് റീഫര്‍ കണ്ടയ്നര്‍ പോലുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്താന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
മത്സ്യബന്ധന തുറമുഖത്തിന്റെ ആധുനികവത്കരണ നടപടികള്‍ പുരോഗമിച്ചു വരികയാണ്. എല്ലാ തൊഴിലാളികള്‍ക്കും ലോക്കര്‍ സൗകര്യവും ചുറ്റുമതിലും മറ്റും ലഭ്യമാകുന്ന തരത്തിലേക്ക് മാറ്റപ്പെടും. തുറമുഖ പ്രദേശത്ത് മാലിന്യങ്ങള്‍ വലിച്ചെറിയുന്ന പ്രവണത അവസാനിപ്പിക്കണമെന്നും മന്ത്രി
കൂട്ടിച്ചേര്‍ത്തു.
മൂന്നു ദിവസം വരെ മത്സ്യങ്ങള്‍ യാതൊരു കേടും കൂടാതെ സൂക്ഷിക്കാന്‍ റീഫര്‍ കണ്ടയിനറില്‍ സാധിക്കും. മൈനസ് രണ്ടു മുതല്‍ മൈനസ് അഞ്ചു ഡിഗ്രി സെല്‍ഷ്യല്‍സ് വരെ ഊഷ്മാവിലാണ് ഇതിന്റെ പ്രവര്‍ത്തനം. 15 ടണ്‍ മത്സ്യം സൂക്ഷിക്കുവാന്‍ കഴിയുളന്ന റീഫര്‍ കണ്ടയിനറിന്റെ വില 25 ലക്ഷം രൂപയാണ്.