പിറന്നാള്‍ ദിനത്തില്‍ മുന്‍കാമുകി ആശംസകള്‍ നേരാത്തതില്‍ മനംനൊന്ത് യുവാവ് ജീവനൊടുക്കി. എം. ശിവകുമാറിനെയാണ് ഫെബ്രുവരി 26 ന് വീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. കര്‍ണാടക ചിക്കബല്ലാപുര സ്വദേശിയാണ് 25 കാരന്‍. 2017 മുതല്‍ ബംഗളൂരുവില്‍ ടാക്‌സി ഡ്രൈവറായി ജോലി ചെയ്തിരുന്ന ശിവകുമാര്‍ വീടിനടുത്ത് താമസിച്ചിരുന്ന ഒരു പെണ്‍കുട്ടിയുമായി പ്രണയത്തിലായിരുന്നു.’
ഈ പെണ്‍കുട്ടിയെ വിവാഹം കഴിക്കാനും ആഗ്രഹിച്ചിരുന്നു. എന്നാല്‍ 2019 ല്‍ അമ്മയ്ക്ക് സുഖമില്ലാതായതോടെ ഇയാള്‍ ബംഗളൂരുവിലെ ജോലി ഉപേക്ഷിച്ച് നാട്ടിലെത്തി. ഇക്കാര്യം കാമുകിയെ അറിയിച്ചതോടെ പെണ്‍കുട്ടി ഇയാളുമായുള്ള ബന്ധത്തില്‍നിന്ന് പിന്മാറുകയായിരുന്നു. പെണ്‍കുട്ടി അകലം പാലിച്ചതോടെ ശിവകുമാര്‍ നിരാശയിലായി.
ഇക്കഴിഞ്ഞ ഫെബ്രുവരി 26 നായിരുന്നു ശിവകുമാറിന്റെ ജന്മദിനം. ജന്മദിനത്തില്‍ പെണ്‍കുട്ടി തന്നെ വിളിക്കുമെന്നും ആശംസ നേരുമെന്നും ശിവകുമാര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ പിറന്നാള്‍ ദിനത്തില്‍ രാത്രിയേറെയായിട്ടും അത്തരത്തില്‍ ഒരു കോളും ശിവകുമാറിനെത്തേടി എത്തിയില്ല. സന്ദേശങ്ങള്‍ ഒന്നും കാണാതായതോടെ മനം മടുത്ത യുവാവ് ആത്മഹത്യ ചെയ്യുകയായിരുന്നു.