കേരളാ പോലീസിന്റെ കൈവശം സൂക്ഷിച്ചിരുന്ന വെടിയുണ്ടകള്‍ കാണാതായ സംഭവത്തില്‍ നടപടികള്‍ കടുപ്പിച്ച് ക്രൈംബ്രാഞ്ച്. അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്ത എസ്എപി ക്യാമ്പിലെ എസ്.ഐ റെജി ബാലചന്ദ്രനെ ചോദ്യം ചെയ്യലിനു ശേഷം ക്രൈബ്രാഞ്ച് അറസ്റ്റ് ചെയ്തു.വെടിയുണ്ടകളുടെയും ആയുധങ്ങളുടെയും ചുമതല അറസ്റ്റിലായ എസ്.ഐ റെജി ബാലചന്ദ്രനായിരുന്നു. 11 പോലീസുകാരെ പ്രതികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 12,000 ത്തിലധികം വെടിയുണ്ടകള്‍ എസ്എപി ക്യാമ്പില്‍ നിന്നും കാണാതായിയെന്നുള്ളതായിരുന്നു സിഎജിയുടെ കണ്ടെത്തല്‍. ഇതേ തുടര്‍ന്ന് ക്രൈംബ്രാഞ്ച് അന്വേഷണം ഊര്‍ജിതമാക്കുകയായിരുന്നു. അതേസമയം അന്വേഷണം പുരോഗമിക്കുമ്പോള്‍ തന്നെ എസ്.ഐയുടെ നേതൃത്വത്തില്‍ ഡമ്മി വെടി ഉണ്ടകള്‍ എസ്എപിയുടെ ആയുധപുരയില്‍ കൊണ്ടുവെച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. ഇപ്പോള്‍ കേരള ആംഡ് പോലീസ് ബറ്റാലിയന്‍ -മൂന്നിലെ എസ്.ഐയാണ് റജി ബാലചന്ദ്രന്‍. സംഭവത്തില്‍ റെജി ബാലചന്ദ്രന് ബന്ധമുണ്ടെന്ന് ക്രൈംബ്രാഞ്ചിന് നേരത്തെ വിവരം ലഭിച്ചിരുന്നു. ഇതേ തുടര്‍ന്നായിരുന്നു അറസ്റ്റ്.