ജാക്കിന്റെയും റോസിന്റെ പ്രണയകാവ്യം അനശ്വരമാക്കിയ ടൈറ്റാനിക്ക് മഞ്ഞുമല കൂട്ടത്തിലിടിച്ച് തകര്‍ന്നിട്ട് നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും വീണ്ടും ഒരിക്കല്‍ കൂടി വാര്‍ത്തകളില്‍ ഇടം പിടിക്കുകയാണ്. എന്താണെന്നല്ലേ ആ വാര്‍ത്ത ആ അനശ്വര നൗക ഇപ്പോഴും കടലിന്റെ അഗാധ ഗര്‍ത്തങ്ങളിലുണ്ടത്രെ! 1912 ഏപ്രില്‍ 15 നാണ് ടൈറ്റാനിക്ക് ആഴങ്ങളിലേക്ക് പോയത്. ശേഷം ഇതു സിനിമയാക്കിയപ്പോള്‍ ജനങ്ങള്‍ ഇത് നെഞ്ചോട് സ്വീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ ടൈറ്റാനിക്ക് അവശിഷ്ടത്തില്‍ അന്തര്‍വാഹിനി ചെന്നിടിച്ചതായാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്.
എയോസ് പര്യവേഷ്യണത്തിന്റെ ഭാഗമായി ട്രൈറ്റന്‍ എന്ന അന്തര്‍വാഹിനിയാണ് ടൈറ്റാനിക്കിന് അടുത്തെത്തിയതും അതിന്റെ ഏറ്റവും പുതിയ ചിത്രങ്ങള്‍ പകര്‍ത്തിയതും. ഈ അന്തര്‍വാഹിനി ടൈറ്റാനിക്ക് അവശിഷ്ടത്തില്‍ ഇടിച്ചെന്നാണ് റിപ്പോര്‍ട്ട്. ടെറ്റാനിക്കിന്റെ മുന്‍ഭാഗത്തിനു വലതുവശത്തായാണ് ഇടിച്ചതെന്നും ട്രൈറ്റണ്‍ സംഘവും സമ്മതിച്ചു. അതി ശക്തമായ അടിയൊഴുക്കു കാരണം നിയന്ത്രണം വിട്ട അന്തര്‍വാഹിനി കപ്പലില്‍ ഇടിക്കുകയായിരുന്നെന്നും അവര്‍ വ്യക്തമാക്കുന്നു. 40 വര്‍ഷത്തിനകം ടൈറ്റാനിക്ക് പൂര്‍ണ്ണമായും കടലിനടിയില്‍ നിന്ന് മാഞ്ഞു പോകുമെന്നും പരിവേഷക സംഘം വ്യക്തമാക്കുന്നു.
ലോഹങ്ങള്‍ തിന്നു തീര്‍ക്കുന്ന ബാക്ടീരിയകള്‍ കപ്പലിന്റെ മിക്ക ഭാഗങ്ങളും ഇതിനോടകം നശിപ്പിച്ചു കഴിഞ്ഞു. കപ്പല്‍ ക്യാപ്റ്റനായിരുന്ന എഡ്വേഡ് സ്മിത്തിന്റെ ആഡംബര ബാത്ത്ടബ് പൂര്‍ണ്ണമായും അവ തിന്നു തീര്‍ത്തെന്നും സംഘം വെളിപ്പെടുത്തുന്നു.
