മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പ്രഖ്യാപനം ഉടന്‍. മഹാരാഷ്ട്ര സഖ്യ സര്‍ക്കാരിനെ ശിവസേന മേധാവി ഉദ്ദവ് താക്കറെ നയിക്കുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഇന്നലെ അര്‍ധരാത്രി നടന്ന കൂടിക്കാഴ്ചയില്‍ പവാര്‍ താക്കറെയോട് നേതൃസ്ഥാനം ഏറ്റെടുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
മുംബൈയിലെ ശരദ് പവാറിന്റെ വസതിയില്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ ഉദ്ദവ് താക്കറെയും മകന്‍ ആദിത്യയും പങ്കെടുത്തിരുന്നു. ശിവസേന നേതാവ് സഞ്ജയ് റാവത്തും ഇവര്‍ക്കൊപ്പം ഉണ്ടായിരുന്നു. ആദിത്യ താക്കറേയും സഞ്ജയ് റാവത്തും ഉദ്ദവിനോട് മുഖ്യമന്ത്രി പദവി ഏറ്റെടുക്കണമെന്ന ആവശ്യം അറിയിച്ചു കഴിഞ്ഞു.
സര്‍ക്കാര്‍ രൂപീകരണം എത്രയും വേഗം നടത്തണമെന്നും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിച്ച് എത്രയും പെട്ടെന്ന് ഗവര്‍ണറെ കാണണമെന്നും പവാറും സഞ്ജയ് റാവത്തും ഉദ്ദവിനോട് ആവശ്യപ്പെട്ടതായാണ് വാര്‍ത്തകള്‍.
സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് മുംബൈയില്‍ ഇന്ന് നിരവധി യോഗങ്ങള്‍ നടക്കും. കോണ്‍ഗ്രസ്-എന്‍.സി.പി നേതാക്കള്‍ അവരുടെ സഖ്യകക്ഷികളായ സ്വാഭിമാനി ഷെത്കരി സംഘടന, പീപ്പിള്‍സ് റിപ്പബ്ലിക്കന്‍ പാര്‍ട്ടി, മുംബൈയിലെ കര്‍ഷക- തൊഴിലാളി പാര്‍ട്ടികളുമായും കൂടിക്കാഴ്ച നടത്തും. സമാജ്വാദി പാര്‍ട്ടി, സി.പി.ഐ (എം) എന്നിവരും ചര്‍ച്ചയില്‍ പങ്കെടുക്കും.
ശിവസേന നേതാവ് ഉദ്ദവ് താക്കറെയും ഇന്ന് പാര്‍ട്ടി നിയമസഭാംഗങ്ങളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കും.
തീവ്രഹിന്ദുത്വം ഉപേക്ഷിച്ച് മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ തയ്യാറാണെന്ന് ശിവസേന വ്യക്തമാക്കിയതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വം സര്‍ക്കാര്‍ രൂപീകരണത്തിന് മുന്‍കൈ എടുത്തത്. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുടെ നിലപാട് ഇവിടെ നിര്‍ണായകമാവുകയായിരുന്നു.
തീവ്രനിലപാടുകളില്‍ നിന്ന് ശിവസേന പിന്നോട്ടു പോയില്ലെങ്കില്‍ സര്‍ക്കാര്‍ രൂപീകരണം സാദ്ധ്യമല്ലെന്ന് തന്നെയായിരുന്നു സോണിയ വ്യക്തമാക്കിയത്. ഇതിന് പിന്നാലെ പൊതുമിനിമം പരിപാടിയില്‍ സെക്യുലര്‍ എന്ന പദം ഉള്‍പ്പെടുത്താന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.