മഹാരാഷ്ട്രയില്‍ സഖ്യ നീക്കങ്ങള്‍ പൊളിയുന്നതായി റിപ്പോര്‍ട്ട്. കൂട്ടുകക്ഷി സര്‍ക്കാരിന് പിന്തുണ നല്‍കുന്ന കാര്യത്തില്‍ ഇന്നലെ ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയും എന്‍.സി.പി നേതാവ് ശരത് പവാറും നടത്തിയ കൂടിക്കാഴ്ചയില്‍ തീരുമാനമായില്ല. ശിവസേനയുമായി ചേരുന്നതില്‍ കോണ്‍ഗ്രസിനുള്ളില്‍ തുടരുന്ന ഭിന്നതയാണ് തീരുമാനം നീളാന്‍ ഇടയാക്കുന്നതായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ശിവസേന-എന്‍.സി.പി-കോണ്‍ഗ്രസ് പാര്‍ട്ടികള്‍ ചേര്‍ന്ന് രൂപീകരിക്കുന്ന സര്‍ക്കാര്‍ സ്വീകരിക്കേണ്ട പൊതുമിനിമം പരിപാടിക്ക് ഇന്നലെ നടന്ന സോണിയ-പവാര്‍ ചര്‍ച്ചയില്‍ അന്തിമ രൂപം നല്‍കുമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍ പൊതുമിനിമം പരിപാടിയോ, ശിവസേനയ്ക്ക് പിന്തുണ നല്‍കുന്ന കാര്യമോ ചര്‍ച്ച ചെയ്തില്ലെന്ന് സോണിയാ ഗാന്ധിയുമായി ഇന്നലെ നാല് മണിക്ക് നടന്ന യോഗത്തിനു ശേഷം ശരത് പവാര്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
‘ശിവസേന-ബി.ജെ.പി സഖ്യവും എന്‍.സി.പി-കോണ്‍ഗ്രസ് സഖ്യവും രണ്ടു ചേരിയിലാണ് മത്സരിച്ചത്. അവര്‍ക്ക് അവരുടെ വഴി നിശ്ചയിക്കാം. ഞങ്ങളുടെ രാഷ്ട്രീയം ഞങ്ങളും’-.ശിവസേനയും എന്‍.സി.പിയും ചേര്‍ന്നുള്ള സര്‍ക്കാര്‍ രൂപീകരണ സാദ്ധ്യതകളെക്കുറിച്ചുള്ള ചോദ്യത്തിന് പവാറിന്റെ മറുപടി ഇതായിരുന്നു മഹാരാഷ്ട്രയിലെ രാഷ്ട്രീയ സാഹചര്യം സോണിയയെ ധരിപ്പിച്ചെന്നും പവാര്‍ പറഞ്ഞു.
ഈ സാഹചര്യത്തില്‍ ശിവസേന ബിജെപിയുമായി അടുക്കാനുള്ള സാധ്യതയും തള്ളി കളയാനാവില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.