സംസ്ഥാനത്തെ പ്രാഥമിക ബാങ്കുകള്‍ നടത്തി വരുന്ന ചിട്ടികളില്‍ 15 ശതമാനം ജി എസ് ടി ഈടാക്കാന്‍ ധനകാര്യവകുപ്പിന്റെ നിര്‍ദേശം.ഇത് സംബന്ധിച്ച സംസ്ഥാന ജി എസ് ടി വകുപ്പ് സഹകരണ ബാങ്കുകള്‍ക്ക് നോട്ടിസ് നല്‍കി. ജില്ലാ ഓഫിസുകള്‍ മുഖാന്തരമാണ് നോട്ടിസ് നല്‍കിയത്. 2017 മുതല്‍ ബാങ്കുകള്‍ നടത്തി വരുന്ന ചിട്ടികളുടെ ആകെ തുകയുടെ 15 ശതമാനമാണ് ജി എസ് ടി ഇനത്തില്‍ അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നോട്ടീസ് ലഭിച്ച് 15 ദിവസത്തിനകം ചിട്ടികളുടെ വിവരം ജി.എസ്ടി വകുപ്പിന് നല്‍കണമെന്നും നോട്ടീസീല്‍ പറയുന്നു. സഹകരണ മേഖലയില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ ടാക്സ് അടയ്ക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ എതിര്‍ത്ത സംസ്ഥാന സര്‍ക്കാര്‍ തന്നെയാണ് ഇപ്പോള്‍ പ്രാഥമിക സഹകരണ സംഘങ്ങളില്‍ നിന്ന് ടാക്സ് പിടിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നതെന്നതാണ് വിരോധാഭാസം.
ഇത്തരത്തില്‍ തുക അടയ്ക്കാന്‍ സഹകരണ ബാങ്കുകള്‍ തയ്യാറായാല്‍ സംസ്ഥാനത്തെ മിക്ക ബാങ്കുകള്‍ക്കും പൂട്ടു വീഴുമെന്നതാണ് അവസ്ഥ.
സഹകരണ ബാങ്കുകള്‍ നടത്തുന്ന ചിട്ടികള്‍ ഗ്രാമീണ മേഖലയില്‍ സജീവമായതിനാല്‍ കോടികള്‍ പരസ്യം നല്‍കി വിവിധ തരത്തിലുളള ചിട്ടികള്‍ കെ.എസ്.എഫ്ഐ ആരംഭിച്ചിട്ടും വിജയത്തിലെത്താത്തിനാലാണ് ധനകാര്യ വകുപ്പ് ഇത്തരത്തിലൊരു നീക്കം നടത്തുന്നതെന്നും പറയപ്പെടുന്നു. ഇത്തരത്തില്‍ കെഎസ്എഫ്ഇ ചിട്ടികളെ രക്ഷിക്കാനാണ് ധനകാര്യവകുപ്പ് ശ്രമം നടത്തിയതെന്നാണ് ഇതിനു പിന്നിലുയരുന്ന ആക്ഷേപം.
അതുമാത്രമല്ല , സംസഥാനത്തെ സഹകരണ ബാങ്കുകളില്‍ 98 ശതമാനത്തിന്റേയും ഭരണം കൈയാളുന്നത് സിപിഎം ആയതിനാല്‍ ധനകാര്യ വകുപ്പിന്റെ ഈ നീക്കത്തെ എതിര്‍ക്കില്ലെന്ന ധാരണയും ജിഎസ്ടി ഏര്‍പ്പെടുത്താനുളള തീരുമാനത്തിന് പിന്നിലുള്ളതായി പറയപ്പെടുന്നു.