അട്ടപ്പാടിയിലെ മാവോയിസ്റ്റ് ഏറ്റുമുട്ടല്‍ ഭരണകൂട ഭീകരതയെന്ന് വിളിച്ചു പറഞ്ഞ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി ഏറ്റുമുട്ടലിനെ ന്യായീകരിക്കുകയാണ് ഉണ്ടായത്. അത് പാടില്ലായിരുന്നു. എന്ത് ന്യായീകരണമാണ് അതിന് നല്‍കാനുള്ളതെന്ന് മുഖ്യമന്ത്രി പറയണം ചെന്നിത്തല ആവര്‍ത്തിച്ചു. അട്ടപ്പാടിയില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് വ്യാജ ഏറ്റുമുട്ടലില്‍ ആണെന്ന വാദം മുഖ്യമന്ത്രി പിണറായി വിജയന്‍ തള്ളിയിരുന്നു. സ്വയ രക്ഷയ്ക്ക് വേണ്ടിയാണ് പൊലീസ് മാവോയിസ്റ്റുകളെ വെടിവച്ചതെന്നായിരുന്നു മുഖ്യമന്ത്രി സഭയില്‍ അറിയിച്ചത്. വീഴ്ചയുണ്ടായെങ്കില്‍ തുറന്ന മനസോടെ പരിശോധിക്കുമെന്നും പിണറായി പറഞ്ഞിരുന്നു. അയ്യാ കൊഞ്ചം അരി താ എന്ന് മാത്രം പറയുന്നവരല്ല മാവോയിസ്റ്റെന്നും സംസ്ഥാനത്തിന് പുറത്തുള്ളവര്‍ വന്ന് ഇവിടുത്തെ ജനാധിപത്യത്തെ വെല്ലുവിളിക്കാന്‍ അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വിശദീകരിച്ചിരുന്നു.
അതേ സമയം, മാവോയിസ്റ്റ് ഏറ്റുമുട്ടലില്‍ നിയമലംഘനമുണ്ടായതായി റിപ്പോര്‍ട്ടൊന്നും ലഭിച്ചില്ലെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മാധ്യമങ്ങളോട് പറഞ്ഞു. നിയമലംഘനമുണ്ടെങ്കില്‍ തീര്‍ച്ചയായും ഇടപെടുമെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി.