കൊച്ചി നഗരത്തിലെ വെള്ളക്കെട്ടില്‍ പൊറുതി മുട്ടിയ ഹൈക്കോടതി കോര്‍പ്പറേഷനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ചു. എന്തിനാണ് ഇങ്ങനെയൊരു കോര്‍പ്പറേഷനെന്നും കോര്‍പ്പറേഷന്‍ പിരിച്ചുവിടണമെന്നുമായിരുന്നു ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് ആവശ്യപ്പെട്ടത്.
സര്‍ക്കാര്‍ അതിന്റെ അധികാരം ഉപയോഗിക്കണം. എന്തിനാണ് ഇങ്ങനെയൊരു കോര്‍പ്പറേഷന്‍. കോര്‍പ്പറേഷനെ പിരിച്ചുവിടാത്തത് എന്തുകൊണ്ടാണ്.
കൊച്ചിയിലെ ചെളികള്‍ നീക്കാന്‍ കോടിക്കണക്കിന് രൂപ ചിലവഴിക്കുന്നു. എന്നിട്ടും എന്താണ് സംഭവിക്കുന്നത്. സര്‍ക്കാര്‍ വിശദീകരണം നല്‍കിയേ തീരൂവെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് പറഞ്ഞു. ജനങ്ങള്‍ക്ക് സ്വസ്ഥമായി ജീവിക്കാനുള്ള സാഹചര്യം ഉണ്ടാക്കണം. ഇങ്ങനെയൊരു കോര്‍പ്പറേഷന്റെ ആവശ്യമില്ല. നഗരത്തിലെ പ്രധാന ഓടകള്‍ വൃത്തിയാക്കുന്നതിലും ഓടകള്‍ പരിപാലിക്കുന്നതിലും ഗുരുതര വീഴ്ചയുണ്ടായെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. അതേസമയം വെള്ളക്കെട്ടിനെ ഉദ്യോഗസ്ഥരെ പഴിചാരി രക്ഷപ്പെടാനാണ് മേയര്‍ സൗമ്‌നി ജയന്‍ ശ്രമിക്കുന്നത്.