ബീഹാറില്‍ 2020ല്‍ നടക്കാനിരിക്കുന്ന നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ഒരു മുഴം നീട്ടിയെറിഞ്ഞു അമിത്ഷാ. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന ബി.ജെ.പി- ജെ.ഡി.യു സഖ്യത്തെ നിതീഷ് കുമാര്‍ തന്നെ നയിക്കുമെന്ന് ബി.ജെ.പി അദ്ധ്യക്ഷന്‍ അമിത് ഷാ പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം നിതീഷ് കുമാര്‍ തന്നെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായി തുടരും. ബിഹാറില്‍ ബി.ജെ.പി -ജെ.ഡി.യു സഖ്യത്തില്‍ വിള്ളല്‍ വീണെന്ന വാര്‍ത്ത അമിത് ഷാ തള്ളി.
‘ വരുന്ന തെരഞ്ഞെടുപ്പുകളിലും സഖ്യം ഒരുമിച്ച് തന്നെ നില്‍ക്കും. രണ്ട് ദേശീയ പാര്‍ട്ടികള്‍ ഒരുമിച്ച് പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തില്‍ അണിനിരക്കും. അതേസമയം അത് സംസ്ഥാനത്താകുമ്പോള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ കീഴിലാകുന്നു. സഖ്യത്തിനുള്ളില്‍ പരിഭവങ്ങള്‍ സ്വാഭാവികം മാത്രമാണ്. എന്നു കരുതി സഖ്യകക്ഷികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം ജനങ്ങളുടെ മനസിനെ മാറ്റുന്നത് ആകരുത് -അമിത്ഷാ പ്രതികരിച്ചു.
രണ്ടാം മോദി സര്‍ക്കാറില്‍ ജെ.ഡി.യുവിന് ഒറ്റ കാബിനറ്റ് മന്ത്രിപദം മാത്രം നല്‍കിയത് നിതീഷ് കുമാറിനെ ചൊടുപ്പിച്ചിരുന്നു.
തുടര്‍ന്ന് ജെ.ഡി.യു ഇത് വേണ്ടന്നുവെച്ചു. പിന്നീട് നടന്ന മന്ത്രിസഭ പുനഃസംഘടനയില്‍ ജെ.ഡി.യു നേതാക്കളെ മാത്രം ഉള്‍ക്കൊള്ളിച്ചായിരുന്നു നിതീഷ് കുമാര്‍ ഇതിനു തിരിച്ചടി നല്‍കിയത്.
എന്നാല്‍ ഇപ്പോള്‍ സഖ്യത്തിലെ പടലപിണക്കങ്ങള്‍ അവസാനിപ്പിച്ച് ഒരുമിച്ചു മുന്നോട്ട് പോകുമെന്ന സൂചനയാണ് അമിത് ഷാ മാധ്യമങ്ങള്‍ക്ക് നല്‍കുന്നത്.