ഏഷ്യയിലെ ഏറ്റവും വലിയ ജയിലായ തീഹാര്‍ ജയിലില്‍ നിങ്ങള്‍ക്കും ഒരു ജയില്‍ പുള്ളി ആകാം. ഞെട്ടരുത്! ഫീസ് ഉണ്ട് വെറും 2000 രൂപ. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ ജയില്‍ ടൂറിസം എന്ന നൂതന പദ്ധതിയുടെ ഭാഗമായാണ് അവസരം.കൊടും കുറ്റവാളികളും ഭീകരരും മുതല്‍ ഉന്നത രാഷ്ട്രീയക്കാര്‍ വരെ തടവുപുള്ളികളായിമാറിയ ജയിലാണ് തിഹാര്‍ . ഇവിടെ നിങ്ങള്‍ക്ക് മറ്റൊരു ‘പുള്ളി’യായി ഒന്നര ദിവസം കഴിയാം, തിരഞ്ഞടുക്കപ്പെട്ട കുറ്റവാളികളുമൊത്ത് രണ്ടു രാത്രി സെല്ലില്‍ ഉറങ്ങാം! എന്നതാണ് ഈ പദ്ധതിയുടെ പ്രത്യേകത.
വിദേശരാജ്യങ്ങളില്‍ ജയില്‍ ടൂറിസം നിലവിലുണ്ടെങ്കിലും ജയില്‍പ്പുള്ളികള്‍ക്കൊപ്പം അന്തിയുറങ്ങാന്‍ അനുവദിക്കുന്നത് തിഹാറില്‍ മാത്രം. പദ്ധതി അടുത്ത വര്‍ഷം ആദ്യം യാഥാര്‍ത്ഥ്യമാകും.തടവുകാര്‍ക്കുള്ള എല്ലാ നിയമങ്ങളും ‘വിനോദ’തടവുകാര്‍ക്കും ബാധകമാണ്. നിലവില്‍ തിഹാറിലെ പുള്ളികളുടെ കൂട്ടത്തില്‍ ഇന്ത്യന്‍ മുജാഹിദീന്‍ തലവന്‍ യാസിന്‍ ഭട്കല്‍, അധോലോക കുറ്റവാളി ഛോട്ടാ രാജന്‍, മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ചിദംബരം എന്നിവരുണ്ട്.