എറുണാകുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ഥിയെ കണ്ടെത്താനുള്ള എല്‍ഡിഎഫിന്റെ ശ്രമം മനു റോയില്‍ അവസാനിക്കുന്നു. നിര്‍ണായക തീരുമാനം ഇന്ന് പ്രഖ്യാപിക്കും.
എസ്.എഫ്.ഐ വിദ്യാര്‍ഥി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്നു വന്ന മനു റോയി മൂന്ന് തവണ ബാര്‍ അസോസിയേഷനില്‍ ഭാരവാഹിയായിരുന്നു.
നിലവില്‍ ലോയേര്‍സ് യൂണിയന്‍ അംഗമാണ്. മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനായ കെ.എം റോയിയുടെ മകന്‍ എന്ന ഖ്യാതിയും മനു റോയിക്ക് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമെന്നും എല്‍ഡിഎഫ് കണക്കുകൂട്ടുന്നു.
ലത്തീന്‍ സമുദായത്തിന് വലിയ സ്വാധീനമുള്ള മണ്ഡലത്തില്‍ ഇതേ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നുള്ള ആലോചനകളാണ് മനു റോയിലേക്ക് ഇടതു പക്ഷത്തെ കൊണ്ട് ചെന്നെത്തിച്ചത്. ലത്തീന്‍ സമുദായത്തില്‍പ്പെട്ട ഒരാളെ തന്നെ പരിഗണിക്കുമെന്ന് സി.പി.ഐ.എം നേരത്തെ സൂചന നല്‍കിയിരുന്നു.
മുന്‍ എം.എല്‍.എ സെബാസ്റ്റ്യന്‍ പോളിന്റെ മകന്‍ റോണ്‍ സെബാസ്റ്റ്യന്‍, ട്രീസ മേരി ഫെര്‍ണാണ്ടസ് എന്നീ പേരുകള്‍ സജീവ പരിഗണനയിലുണ്ടെങ്കിലും ഒടുവില്‍ മനു റോയിക്ക് ഞറുക്കു വീഴുകയായിരുന്നു.
അതേസമയം, എറണാകുളത്ത് യു.ഡി.എഫും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല. ഹൈബി ഈഡന്‍ ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സീറ്റിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദിനെ മുന്‍നിര്‍ത്തിയാണ് ഹൈബി ഈഡന്‍ കരുക്കള്‍ നീക്കുന്നത്. ഐ ഗ്രൂപ്പിന്റെ സീറ്റായതിനാല്‍ ടി.ജെ വിനോദിനാണ് കൂടുതല്‍ സാധ്യത.