പാലാരിവട്ടം പാലം അഴിമതി കേസില്‍ പണമിടപാട് സൂചിപ്പിക്കുന്ന തെളിവ് വിജിലന്‍സിന് ലഭിച്ച സാഹചര്യത്തില്‍ മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അന്വേഷണ സംഘം അറസ്റ്റ് ചെയ്യാനൊരുങ്ങുന്നു. അറസ്റ്റ് ചെയ്താലുടന്‍ ചോദ്യം ചെയ്യലുണ്ടാവുമെന്ന് അന്വേഷണ സംഘം അറിയിച്ചു. റിമാന്‍ഡില്‍ കഴിയുന്ന പൊതുമരാമത്ത് സെക്രട്ടറി ടി.ഒ.സൂരജ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യുമെന്ന് സമന്വയം റിപ്പോര്‍ട്ട് ചെയ്തിരുന്നു.
പാലാരിവട്ടം പാലവുമായി ബന്ധപ്പെട്ട എല്ലാ ഉത്തരവുകളും അന്നത്തെ പൊതുമരാമത്ത് വകുപ്പ് മന്ത്രി ഇബ്രാഹിംകുഞ്ഞിന്റെ അറിവോടെയാണ് നടന്നതെന്ന്ായിരുന്നു ടി.ഒ സൂരജിന്റെ സത്യവാങ്ങ്മൂലത്തിലുള്ളത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഉദ്യോഗസ്ഥരടക്കം കൂടുതല്‍ പേരെ ചോദ്യം ചെയ്യാനുണ്ടെന്ന് വിജിലന്‍സ് കഴിഞ്ഞ ദിവസം കോടതിയെ അറിയിച്ചു. പാലം നിര്‍മാണം നടന്ന സമയത്ത് റോഡ് ആന്റ് ബ്രിഡ്ജസ് കോര്‍പ്പറേഷനിലും കിറ്റ്കോയിലും ചുമതലകളുണ്ടായിരുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരടക്കം ഉടന്‍ പിടിയിലായേക്കുമെന്നാണ് സൂചന.
ഗൂഢാലോചനയില്‍ പങ്കെടുത്തവരെയും അഴിമതിയില്‍ രാഷ്ട്രീയ നേതൃത്വത്തിന്റെ പങ്കും വിജിലന്‍സ് അന്വേഷിക്കുന്നുണ്ട്.