കേരളത്തില്‍ ബാങ്കുകളുടെ സെര്‍വര്‍ ചോര്‍ത്തി ഉപഭോക്താക്കളുടെ അക്കൗണ്ട് വിവരങ്ങള്‍ സാമ്പത്തിക തട്ടിപ്പു സംഘങ്ങള്‍ തട്ടിയെടുക്കുന്നതായി പോലീസ് സ്ഥിരീകരിച്ചു. വിവരങ്ങള്‍ വന്‍തോതില്‍ ഇന്റര്‍നെറ്റില്‍ വില്‍പനക്ക് വയ്ക്കുന്നത് കണ്ടെത്തിയിട്ടുണ്ടെന്ന് എ.ഡി.ജി.പി മനോജ് എബ്രഹാമാണ് വെളിപ്പെടുത്തിയത്. പോലീസ് ഒരുക്കുന്ന കൊക്കൂണ്‍ സൈബര്‍ സെക്യൂരിറ്റി കോണ്‍ഫറന്‍സിന് മുന്നോടിയായി നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഈ സുപ്രധാന വെളിപ്പെടുത്തല്‍. അക്കൗണ്ടിലുള്ള പണം ഉടമയറിയാതെ ചോര്‍ത്തുന്നെന്ന പരാതികള്‍ വ്യാപകമായി ഉയരുന്നുണ്ടെന്നും മനോജ് അബ്രഹാം പറഞ്ഞു.
‘ഒ.ടി.പി ആര്‍ക്കെങ്കിലും പറഞ്ഞു കൊടുത്തു, അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തില്‍ ഉടമ വീഴ്ച വരുത്തി എന്നാണ് പരാതിയില്‍ ബാങ്ക് നല്‍കുന്ന പ്രതികരണം. എന്നാല്‍ അങ്ങനെയല്ലാതെ ബാങ്കിന്റെ സുരക്ഷാവീഴ്ച കൊണ്ടുതന്നെ പണം നഷ്ടപ്പെടാന്‍ എല്ലാ സാധ്യതയും ഉണ്ടെന്ന് പൊലീസിലെ സൈബര്‍ വിദഗ്ധര്‍ വ്യക്തമാക്കുന്നതായി വാര്‍ത്താ സമ്മേളനത്തില്‍ പൊലീസ് വിശദീകരിച്ചു.
ഇന്റര്‍നെറ്റിലെ അധോലോകം എന്നുതന്നെ പറയാവുന്ന ഡാര്‍ക്ക് നെറ്റില്‍ ഇവ വന്‍തോതില്‍ വില്‍പനക്ക് വയ്ക്കുന്നുണ്ട്. ഒരൊറ്റ ബാങ്കിന്റെ തന്നെ 50,000 വരെ അക്കൗണ്ടുകളുടെ വിവരങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
