ലോക് സഭാ തെരഞ്ഞെടുപ്പിലേറ്റ പരാജയം ചെറുതൊന്നുമല്ല കോണ്‍ഗ്രസിനെ തളര്‍ത്തിയത്. പ്രധാനമന്ത്രി കുപ്പായം തുന്നി പാര്‍ലമെന്‍റ് സ്വപ്നം കണ്ട രാഹുല്‍ ഗാന്ധിക്ക് പക്ഷെ തിരിച്ചടി നേരിട്ട തിരഞ്ഞെടുപ്പായിരുന്നു ഇക്കുറി കടന്നു പോയത്. തുടര്‍ന്ന് കോണ്‍ഗസ് അധ്യക്ഷ സ്ഥാനം രാജിവെയ്ക്കാനും രാഹുല്‍ ഗാന്ധി മറന്നില്ല. ജനങ്ങളുടെ വിശ്വാസം തിരിച്ചു പിടിക്കാന്‍ പുത്തന്‍ ഫോര്‍മുല തിരയലായിരുന്നു ഡല്‍ഹിയിലെ ഇന്ദിരാ ഭവനില്‍ നടന്നത്. ദേശീയ തലത്തിൽ പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാന്‍ എന്തുവേണം എന്ന ചര്‍ച്ചക്കൊടുവില്‍ നൂതന ആശയം പൊങ്ങി വന്നു. ആര്‍എസ്എസ് മോഡലില്‍ കോണ്‍ഗ്രസ് സംഘടനാ സംവിധാനം മാറ്റുക എന്നതായിരുന്നു ആ ആശയം.
ആര്‍എസ്എസ് മാതൃക സ്വീകരിക്കുന്നതിൽ ഈ മാസം മൂന്നിന് ദല്‍ഹിയില്‍ ചേര്‍ന്ന ഒരു വര്‍ക്ക്‌ഷോപ്പിലാണ് ഇത് തീരുമാനമായത്.
ഈ യോഗത്തിൽ അസം മുന്‍ മുഖ്യമന്ത്രി തരുണ്‍ ഗോഗോയിയാണ് ആശയം മുന്നോട്ടുവെച്ചത്. തുടർന്ന് എല്ലാവരും ഇതിനെ പിന്തുണയ്ക്കുകയായിരുന്നു. പാര്‍ട്ടിയുടെ ആശയവും ചരിത്രവും പ്രവര്‍ത്തകരെ കൃത്യമായി ബോധ്യപ്പെടുത്താന്‍ ഈ മാതൃകയിലൂടെ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. പുതിയ സംഘടനാ സംവിധാനപ്രകാരം ഒരു സംസ്ഥാനത്തെ നാലുമുതല്‍ അഞ്ചു ജില്ലകളടങ്ങിയ ഒരു ഡിവിഷന്റെ ചുമതല മൂന്നു പ്രേരകുമാര്‍ക്കായിരിക്കും. ഇവരാകും പിന്നീട് പാര്‍ട്ടി പ്രവര്‍ത്തകരെ സജ്ജരാക്കുക.
ആദ്യ ഘട്ടത്തിൽ അഞ്ചുമുതല്‍ ഏഴു ദിവസം വരെ പ്രേരകുമാര്‍ക്ക് പരിശീലനം നല്‍കുകയും, അതിൽ പ്രവര്‍ത്തനം നിരീക്ഷിച്ച ശേഷം മാത്രമേ പ്രേരകുമാരെ തെരഞ്ഞെടുക്കുകയുള്ളൂ. ഒരു തവണ പരിശീലനം ലഭിച്ചുകഴിഞ്ഞാല്‍പ്പിന്നെ പ്രേരകുമാര്‍ എല്ലാ ജില്ലാ പാര്‍ട്ടി ഓഫീസുകളിലും ചെന്ന് സംഘാടന്‍ സംവാദ് നടത്തണം. നിലവിലെ ദേശീയ, സംസ്ഥാന രാഷ്ട്രീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതാണിത്. ഈ മാസം അവസാനത്തോടുകൂടി പ്രേരകുമാരുടെ പട്ടിക തരാന്‍ എഐസിസി സംസ്ഥാന നേതൃത്വങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങള്‍.