27.5 C
Kollam
Sunday, September 14, 2025
HomeNewsഎന്നും തീരാ ശാപം

എന്നും തീരാ ശാപം

- Advertisement -
- Advertisement - Description of image

കരുനാഗപ്പള്ളി പോലീസ് സ്റ്റേഷന് മുന്നിലെ വാഹന പാർക്കിംഗ് ഗതാഗത തടസ്സത്തിന് കാരണമാകുന്നു. കസ്റ്റഡിയിൽ എടുത്ത വാഹനങ്ങളും വർഷങ്ങളായി പാതയോരത്ത് കിടക്കുകയാണ്‌. അവയിൽ ഭൂരിപക്ഷ വാഹനങ്ങളും തുരുമ്പെടുത്ത് നശിച്ചിരിക്കുകയാണ്. കേസുകൾ നീളുന്നതിനാൽ ഈ വാഹനങ്ങൾ മാറ്റാൻ കഴിയില്ലെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, ഇവ വേറൊരു ഭാഗത്ത് ഇടാൻ സൗകര്യം ഇല്ലാത്തതാണ് മറ്റൊരു കാരണമായിട്ടുള്ളത്.പൊതുവെ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന ഭാഗമാണിവിടം. സ്റ്റേഷനിൽ എത്തുന്നവരുടെ റോഡിലുള്ള വാഹന പാർക്കിംഗും കൂടുതൽ ഗതാഗത തടസം സൃഷ്ടിക്കുകയാണ്.വാഹനത്തിൽ എത്തുന്നവർക്കും മറ്റ് വഴികൾ ഇല്ലാത്തതിനാൽ അവരും നിസ്സഹായരാണ്.കരുനാഗപ്പള്ളി ഠൗണിൽ വാഹന പാർക്കിംഗിന് വേറൊരു സംവിധാനം ഇല്ലാത്തതിനാൽ വാഹനങ്ങൾ പാർക്ക് ചെയ്യാൻ യാത്രികരും ബുദ്ധിമുട്ടുകയാണ്.താലൂക്ക് വികസന സമിതിയിൽ ഇത് സംബന്ധിച്ച് പല തവണ ചർച്ച നടന്നെങ്കിലും ഇനിയും പരിഹാരം കാണാൻ ആയില്ല. ഇടക്കിടെ ചില ഭേദഗതികൾ നടപ്പിലാക്കാൻ പദ്ധതി ആവിഷ്ക്കരിച്ചെങ്കിലും ലക്ഷ്യത്തിലെത്താനായില്ല.റോഡിന്റെ പ്രധാന കേന്ദ്രങ്ങളിൽ വെച്ചിട്ടുള്ള ഫ്ലക്സ് ബോർഡുകളും ഗതാഗത തടസ്സം സൃഷ്ടിക്കുകയാണ്. മിനി സിവിൽ സ്റ്റേഷന് മുന്നിൽ കവാടത്തിനോട് ചേർന്നും റോഡിലോട്ട് ഇറക്കിയും ഫ്ലക്സ് ബോർഡുകൾ വെച്ചിരിക്കുകയാണ്.ഇത് അപകടത്തിനും കാരണമാകുന്നു.ഇവ നീക്കം ചെയ്യേണ്ടത് ദേശീയ പാത വിഭാഗമാണ്. റവന്യു വിഭാഗത്തിന് ഇക്കാര്യത്തിൽ ഒരു പങ്കുമില്ലെന്ന് പറയുന്നു.നഗരസഭാ അധികൃതരും ഇതിൽ നിന്നും ഒഴിഞ്ഞു മാറുകയാണ്. ദേശീയപാത വിഭാഗത്തിന് ഫണ്ടില്ലാത്തതിനാൽ വാഹനത്തിൽ ജോലിക്കാരുമായി എത്തി ഇവ നീക്കം ചെയ്യാൻ കഴിയുന്നില്ലെന്ന് പറയുന്നു. ഏതായാലും കൂറ്റൻ ഹോഡിംഗ്സുകളും ഫ്ലക്സ് ബോർഡുകളും കൊണ്ട് കരുനാഗപ്പള്ളി ഠൗണിന്റെ മുഖം ആകെ വികൃതമായിരിക്കുകയാണ്. ഓണക്കാലമായതോടെ ഇവയുടെ വർദ്ധനവ് ഇനിയും ഉണ്ടാകാനാണ് സാദ്ധ്യത. വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാൻ റവന്യൂ വിഭാഗം പല തവണ ശ്രമം നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.ഇവരുടെ റോഡ്‌ കയ്യേറ്റം വഴിയാത്രക്കാരെയും വാഹന ഗതാഗതത്തെയും കൂടുതൽ പ്രതികൂലമായി ബാധിക്കുന്നു. പോലീസുകാർക്ക് ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ നിയമപരമായി കഴിയില്ല. ഇവ നീക്കം ചെയ്യേണ്ട ബന്ധപ്പെട്ട വിഭാഗത്തിന് സംരക്ഷണം നല്കാനേ കഴിയുകയുള്ളു. ഏതായാലും ബന്ധപ്പെട്ടവർ ഇക്കാര്യങ്ങളിൽ കണ്ണടച്ച് ഇരുട്ടാക്കുന്നത് അക്ഷന്തവ്യമാണ്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments