ചെന്നൈയിൽ നടന്ന ദാരുണമായ വാഹനാപകടത്തിൽ മലയാളി നിയമവിദ്യാർത്ഥിനി മരിച്ചു. പാലക്കാട് വടക്കഞ്ചേരി സ്വദേശിനിയായ 21-കാരി ജിനു ആണ് അപകടത്തിൽ മരിച്ചത്. ചെന്നൈയിലെ ഡോ. അംബേദ്കർ സർക്കാർ ലോ കോളേജിലെ നാലാം വർഷ വിദ്യാർത്ഥിനിയായിരുന്നു ജിനു. ചൊവ്വാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം നടന്നത്. ഗാന്ധി മണ്ഡപം റോഡിൽ, അണ്ണാ യൂണിവേഴ്‌സിറ്റിക്ക് സമീപം സഞ്ചരിച്ചിരുന്ന എസ്‌യുവി വാഹനമാണ് മറ്റൊരു കാറുമായി കൂട്ടിയിടിച്ചത്.
കോളേജ് പരിപാടി കഴിഞ്ഞ് അതിഥിയെ ഇറക്കിവിട്ട് മടങ്ങുന്നതിനിടെയാണ് ജിനുവും സഹപാഠികളും യാത്ര ചെയ്തിരുന്ന വാഹനം അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ജിനു ഗുരുതരമായി പരിക്കേറ്റ് സംഭവസ്ഥലത്തുവെച്ച് തന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റു മൂന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന് പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






















