ഷൊര്‍ണൂര്‍ നഗരസഭ പരിധിയില്‍ വരുന്ന ആറാണിയിലെ കരിങ്കല്‍ ക്വാറിയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തി. കൂനത്തറ പോണാട് സ്വദേശിനിയായ 25 വയസ്സുള്ള അലീന ജോണ്‍സനാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ അഞ്ചുമണിയോടെ അലീനയെ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും ചേര്‍ന്ന് തെരച്ചില്‍ ആരംഭിച്ചിരുന്നു.
വീട് സ്ഥിതിചെയ്യുന്ന സ്ഥലത്ത് നിന്ന് അല്‍പദൂരം മാറിയുള്ള ആറാണിയിലെ ക്വാറിയിലാണ് ഉച്ചയ്ക്ക് 12.30ഓടെ മൃതദേഹം കണ്ടെത്തിയത്. അലീന വിവാഹിതയാണെന്ന് ബന്ധുക്കള്‍ വ്യക്തമാക്കി. സംഭവത്തില്‍ ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
വിവരം ലഭിച്ചതിന് പിന്നാലെ ഷൊര്‍ണൂര്‍ പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. തുടര്‍നടപടികളുടെ ഭാഗമായി മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം സംബന്ധിച്ച് വ്യക്തത വരുത്തുന്നതിനായി വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു.





















