കര്‍ണാടകയില്‍ ഏകദേശം 400 കോടി രൂപ മൂല്യമുള്ള ചരക്കുകളുമായി പോയ കണ്ടെയ്‌നറുകള്‍ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ വന്‍ രാഷ്ട്രീയ വിവാദം. സംഭവത്തിന് പിന്നാലെ കോണ്‍ഗ്രസും ബിജെപിയും പരസ്പരം കുറ്റാരോപണങ്ങളുമായി രംഗത്തെത്തി. സംസ്ഥാനത്ത് ക്രമസമാധാന നില പൂര്‍ണമായും തകര്‍ന്നുവെന്നാരോപിച്ച് പ്രതിപക്ഷമായ ബിജെപി ഭരണകക്ഷിയെ രൂക്ഷമായി വിമര്‍ശിച്ചു. ഇത്ര വലിയ തോതിലുള്ള കൊള്ള നടന്നിട്ടും കുറ്റവാളികളെ പിടികൂടാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും ഇത് ഭരണപരാജയത്തിന്റെ തെളിവാണെന്നും ബിജെപി ആരോപിച്ചു.
അതേസമയം, മുന്‍ ഭരണകാലത്തെ അഴിമതിയും ക്രിമിനല്‍ സംഘങ്ങളുടെ വളര്‍ച്ചയുമാണ് ഇത്തരം സംഭവങ്ങള്‍ക്ക് കാരണമെന്നായിരുന്നു കോണ്‍ഗ്രസിന്റെ മറുപടി. ബിജെപിയുടെ ഭരണകാലത്താണ് കുറ്റകൃത്യങ്ങള്‍ വ്യാപകമായതെന്നും, ഇപ്പോള്‍ അന്വേഷണം ശരിയായ ദിശയിലാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ പറഞ്ഞു. കണ്ടെയ്‌നറുകള്‍ എവിടെ നിന്നാണ് കടത്തിക്കൊണ്ടുപോയതെന്നും സുരക്ഷയില്‍ എവിടെയാണ് വീഴ്ച സംഭവിച്ചതെന്നും കണ്ടെത്താന്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റക്കാര്‍ ആരായാലും കർശന നടപടി സ്വീകരിക്കുമെന്ന ഉറപ്പും സര്‍ക്കാര്‍ നല്‍കി.





















