ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ മതപരിവര്‍ത്തനം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് തിരുവനന്തപുരം സ്വദേശിയായ മലയാളി പാസ്റ്റര്‍ ആല്‍ബിനെ പൊലീസ് അറസ്റ്റ് ചെയ്തു. നേരത്തെ അറസ്റ്റ് ചെയ്ത് വിട്ടയച്ച ശേഷം വീണ്ടും മതപരിവര്‍ത്തന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവെന്നാണ് പൊലീസിന്റെ ആരോപണം. ബജ്റംഗ്ദള്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ 13നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ആല്‍ബിന്റെ ഭാര്യയെ പിന്നീട് കസ്റ്റഡിയില്‍ നിന്ന് വിട്ടയച്ചിരുന്നു.
അതേസമയം, അറസ്റ്റ് ചെയ്ത ശേഷം ആല്‍ബിനെ കോടതിയില്‍ ഹാജരാക്കിയില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. സംഭവത്തില്‍ വിശദീകരണവുമായി പൊലീസ് രംഗത്തെത്തിയിട്ടില്ല.
രാജ്യത്ത് മതപരിവര്‍ത്തനം ആരോപിച്ച് കന്യാസ്ത്രീകളെയും പാസ്റ്റര്‍മാരെയും തടയുന്ന സംഭവങ്ങള്‍ വര്‍ധിച്ചുവരികയാണെന്ന് വിമര്‍ശനമുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണ്‍ 25ന് ഛത്തീസ്ഗഡ്യില്‍ മലയാളികളായ കന്യാസ്ത്രീകളായ പ്രീതി മേരിയെയും വന്ദന ഫ്രാന്‍സിസിനെയും റെയില്‍വേ പൊലീസ് അറസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. ബജ്റംഗ്ദള്‍ പ്രവര്‍ത്തകരുടെ പരാതിയില്‍ ആദിവാസി യുവതികളെ കടത്തിക്കൊണ്ടുപോകാനും നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്താനും ശ്രമിച്ചെന്നായിരുന്നു കേസ്. ഒമ്പത് ദിവസത്തെ ജയില്‍വാസത്തിന് ശേഷം കർശന വ്യവസ്ഥകളോടെ എന്‍ഐഎ കോടതി ജാമ്യം അനുവദിക്കുകയായിരുന്നു.





















